സ്കഫ്ഫോൾഡ് പദ്ധതിക്ക് കേന്ദ്രസർവകലാശാലയുടെ കൈത്താങ്ങ്
പെരിയ: "ഈ വിദ്യാർഥികൾ മുഴുവനും ഉന്നത വിദ്യാഭ്യാസം നേടി പഠിച്ചുയരാൻ ഈ സർവകലാശാലയിലെ പ്രഗൽഭരായ അധ്യാപകരുടെ സേവനം വിട്ടുതരാൻ ഞാൻ തയാറാണ്.ഇവരിൽ ഒരു കുട്ടിയുടെ മെന്റർ ടീച്ചറായി പ്രവർത്തിക്കാൻ ഞാനും ഒരുക്കമാണ് "- നിറഞ്ഞ കയ്യടികൾക്കിടയിൽ കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആന്ധ്രാപ്രദേശ് സ്വദേശിയായ എച്ച് വെങ്കടേശ്വർലുവിൻ്റേതായിരുന്നു ഈ വാക്കുകൾ. സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വിദ്യാർഥികൾക്കുള്ള കൈത്താങ്ങ് പദ്ധതിയായ സ്കഫോൾഡിൻ്റെ ഭാഗമായി പെരിയ കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച ദ്വിദിന ശില്പശാലയിലാണ് കേന്ദ്ര സർവകലാശാലയുടെ മുഖ്യഅധികാരിയിൽ നിന്നും ഇങ്ങനെയൊരു വാഗ്ദാനം ഉയർന്നത്. സാമൂഹ്യമായും സാമ്പത്തികമായും പ്രയാസമനുഭവിക്കുന്ന, പഠനരംഗത്ത് ഏറെ മികവ് തെളിയിച്ച പതിനൊന്നാം തരത്തിൽ പഠിക്കുന്ന 25 കുട്ടികളെയാണ് സ്കഫോൾഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്കായി എസ് എസ് കെ ഒരുക്കുന്ന തുടർച്ചയായുള്ള ക്യാമ്പിൻ്റെ ഭാഗമായി നടത്തിയ പരിപാടിയിൽ കുട്ടികളുമായി ഒരു മണിക്കൂറോളമാണ് വൈസ് ചാൻസലർ സംവദിച്ചത്. സിവിൽ സർവീസ് ഉൾപ്പെടെയുള്ള ഉന്നത തൊഴിൽ മേഖലകളിലേക്ക് പറന്നുയരാനുള്ള വ്യത്യസ്ത സാധ്യതകൾ അദ്ദേഹം വിദ്യാർഥികൾക്കായി തുറന്നുതന്നു. പ്രതിസന്ധികളെ മുറിച്ചുകടന്നവരുടെ അനുഭവങ്ങൾ വികാരവായ്പോടെ വി.സി.അയവിറക്കി.
കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പ് കേന്ദ്ര സർവകലാശാല കേരളം രജിസ്ട്രാർ ഡോ.എം മുരളീധരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റർ ഡി നാരായണ അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം ഓഫീസർമാരായ എം എം മധുസൂദനൻ ,കെ പി രഞ്ജിത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകിവരുന്നു. കേന്ദ്ര സർവകലാശാലയിലെ വൈറോളജി വിഭാഗത്തിലെ പ്രൊഫസറും സ്കഫോൾഡ് പദ്ധതിയുടെ യൂനിവേഴ്സിറ്റിതല കോ-ഓഡിനേറ്ററുമായ ഡോ.രാജേന്ദ്ര പിലാങ്കട്ട, സ്കൂൾ ഓഫ് എജ്യുക്കേഷൻ വിഭാഗം മേധാവി ഡോ.മുസ്തഫ, ഭൗതിക ശാസ്ത്ര വിഭാഗത്തിലെ ഡോ. സ്വപ്ന ,മൈക്രോബയോളജി വിഭാഗത്തിലെ ഡോ.എം അശോക് കുമാർ , ഡോ. ഗ്രേസ് രാജി, ഡോ.എം മുകേഷ്,ജെ സി ഐ ട്രെയിനർ വേണുഗോപാലൻ, കരിയർ ഗൈഡും ജില്ലാ പ്ലാനിംഗ് കമ്മിറ്റി മെമ്പറുമായ മുഹമ്മദ് നിസാർ പെരുവാട് എന്നിവർ ക്ലാസെടുത്തു.യുവ ശാസ്ത്രജ്ഞ സംഘടനയായ സൊസൈറ്റി ഓഫ് യങ് സയൻ്റിസ്റ്റിൻ്റെ (എസ് വൈ എസ് ) ശാസ്ത്രജ്ഞവിഭാഗത്തിൻ്റെ സഹകരണവും ക്യാമ്പിന് ലഭിച്ചു.സ്ക ഫോൾഡ് പദ്ധതിയുടെ ഭാഗമായി നേരത്തെ കളനാട്, കൊടക്കാട് എന്നിവിടങ്ങളിൽ രണ്ടുനാൾ നീളുന്ന വിദഗ്ധ ക്ലാസുകളോടെ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. പതിനൊന്നാം തരം തൊട്ട് കുട്ടികൾക്ക് ഏറ്റവും മികച്ച നിലയിൽ ഉന്നതപഠനം ലഭ്യമാക്കാനുള്ള ഉപദേശ നിർദേശങ്ങളും ക്ലാസുകളും കൈത്താങ്ങ് പകരുന്ന പദ്ധതിയാണ് എസ് എസ് കെ രൂപകൽപ്പന ചെയ്ത സ്കഫോൾഡ്.