' ഓട്ടിസം പ്രൈഡ് ഡേയിൽ അവർ വാനമ്പാടിക്കൊപ്പം അഭിമാനത്തോടെ ഒത്തുകൂടി.. '
കോഴിക്കോട് : കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓട്ടോറിസ്റ്റിക്കായ പ്രതിഭകൾ ഒരു പ്ലാറ്റ്ഫോമിൽ മലയാളത്തിൻറെ വാനമ്പാടിക്കൊപ്പം ഒത്തുകൂടി. സമഗ്ര ശിക്ഷ കേരളം കോഴിക്കോട്, കുന്നുമ്മൽ ബി ആർ സി സംഘടിപ്പിച്ച ഓട്ടിസം പ്രൈഡ് ഡെ സെലിബ്രേഷനിലാണ് പ്രതിഭകളോട് സംവദിക്കാൻ കെ എസ് ചിത്ര എത്തിയത്. ഓട്ടിസം പ്രൈഡ് ഡേ സെലിബ്രേഷൻ ഉദ്ഘാടനം ചെയ്ത
കെ. എസ്. ചിത്ര കുട്ടികളോടൊപ്പമുള്ള നിമിഷങ്ങളിലെ സന്തോഷം പങ്കുവെച്ചതോടൊപ്പം സമൂഹം ഇവരെ ചേർത്തുനിർത്തുന്നതിന്റെ ആവശ്യകതയും ഓർമിപ്പിച്ചു. ഓട്ടിസ്റ്റിക്കായ പ്രതിഭകൾ ചിത്രയുമായി സംവദിക്കുകയും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു. കവിതാ രചന, ഗാനാലാപനം, സംവിധാനം, മൈൻഡ് റീഡിഗ് ,ഫോട്ടോഗ്രാഫി , ഉപകരണ സംഗീതം തുടങ്ങിയ മേഖലകളിൽ വിസ്മയം തീർക്കുന്ന 14 അത്ഭുത പ്രതിഭകൾ കെ. എസ്. ചിത്രയോടൊപ്പം ഓൺലൈനിൽ സംഗമിച്ചപ്പോൾ അത് കാണികൾക്കും നവ്യാനുഭവമായി. കുന്നുമ്മൽ ബിപിസി കെ. പി. ബിജു സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡി പി സി ഡോ. എ കെ അബ്ദുൽ ഹക്കിം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ വി. ടി ഷീബ ടീച്ചർ ആശംസ നേർന്നു. ഓട്ടിസ്റ്റിക്കായ കുട്ടികളുടെ കഴിവുകൾ സമൂഹം തിരിച്ചറിയാൻ ഓട്ടിസ്റ്റിക്ക് പ്രൈഡ് ഡേ പോലുള്ള ദിനങ്ങൾ സമഗ്രമായി ആചരിക്കേണ്ടതുണ്ടെന്ന പ്രഖ്യാപനവും പരിപാടിയിൽ ഉണ്ടായി. സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ പ്രയ്സി തോമസ്സ് , ഗോപിക എന്നിവർ അവതരണം നടത്തി. സ്പെഷ്യൽ എജ്യുക്കേറ്റർ ആശാ കൃഷ്ണമൂർത്തി നന്ദി പറഞ്ഞു.