സമഗ്ര ശിക്ഷ ആലപ്പുഴ ജില്ലയുടെ 'SPACE സെന്റർ പദ്ധതി' പ്രവർത്തനം ആരംഭിച്ചു .
ആലപ്പുഴ : സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്ക് താങ്ങായി നിരവധി പ്രവർത്തനങ്ങളാണ് കേരളമാകമാനം നടന്നുവരുന്നത്. ഇത്തരം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ ആവശ്യമായ പിന്തുണാ സംവിധാനങ്ങളാണ് സമഗ്ര ശിക്ഷ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നത്.കിടപ്പിലായ കുട്ടികൾക്ക് വേണ്ടിയുള്ള സവിശേഷ പദ്ധതിയാണ് SPACE (Special Platform to Achieve Classroom Experience ).ശയ്യാവലംബരായ കുട്ടികൾക്ക് വിദ്യാലയഅനുഭവങ്ങൾ ഒരുക്കി കൊടുക്കുകയും അവരെ പൊതുസമൂഹത്തിലേക്ക്എത്തിക്കുകയുമായണ് സ്പേസ് പദ്ധതിയുടെ ലക്ഷ്യം. ആലപ്പുഴ ജില്ലയിലെ ഏക സ്പെയ്സ് പദ്ധതിയാണ് കായംകുളം ബിആർസി പരിധിയിലുള്ള ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസിൽ ഒരുക്കിയിരിക്കുന്നത്. സെന്ററിന്റെ ഉദ്ഘാടനം 2022 ഒക്ടോബർ 14 വെള്ളിയാഴ്ച കായംകുളം നഗരസഭചെയർപേഴ്സൺ ശ്രീമതി പി ശശികല അധ്യക്ഷയായ ചടങ്ങിൽ കായംകുളത്തിന്റെ ജനപ്രിയ എം എൽ എ Adv U പ്രതിഭ നിർവഹിച്ചു.ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡി എച്ച് രജനീഷ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. കായംകുളം സബ് ജില്ലയിലെ 9 പഞ്ചായത്തുകളിൽ നിന്നും ശയ്യാവലംബരായ കുട്ടികളെ സ്പേസ് സെന്ററിൽ എത്തിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ ബി ആർ സി യുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ സഹായത്തോടെ ചെയ്തിട്ടുണ്ട്.ആലപ്പുഴ ജില്ലയിലെ ഏതു ഭാഗത്തുനിന്നും ശയ്യാവലാബരായ കുട്ടികളെ SPACE സെന്ററിൽ എത്തിക്കാവുന്ന രീതിയിലുള്ളക്രമീകരണങ്ങൾ എസ് എസ് കെ കൈക്കൊണ്ടിട്ടുണ്ടെന്ന് ഡി പി സി ചടങ്ങിൽ അറിയിച്ചു. ചങ്ങാതിക്കൂട്ടം എന്ന പേരിലുള്ള കുട്ടികളുടെ ഗ്രൂപ്പ് ആണ് സ്പേസ് സെന്ററിന്റെ പ്രത്യേകത. ഈ കുട്ടികൾ സ്പെയ്സ് സെന്ററിൽ എത്തുന്ന ശയ്യാവലംബരായ കുട്ടികൾക്ക് കൂട്ടുകാരാകുന്നു.സമഗ്ര ശിക്ഷയുടെ സാമ്പത്തിക സ്രോതസ്സിന് പുറമെ വിവിധ സന്നദ്ധ സംഘടനകളുടെ സഹായവും കായംകുളത്തെ സ്പേസ് പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ICU ബെഡുകൾ,വീൽചെയറുകൾ, CP ചെയർ,കളി ഉപകരണങ്ങൾ,ചിത്ര പുസ്തകങ്ങൾ, റേഡിയോ, ആൻഡ്രോയ്ഡ് ടിവി എന്നിവ സ്പേസിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും പ്രവർത്തിക്കുന്ന ഫിസിയോ തെറാപ്പി യൂണിറ്റ് SPACEന്റെ പ്രത്യേകതയാണ്. പരിശീലനം ലഭിച്ച സ്പെഷ്യൽ എഡ്യൂക്കേറ്റർ, ആയ എന്നിവരും ചങ്ങാതിക്കൂട്ടം എന്ന പേരിലുള്ള കുട്ടി കൂട്ടുകാരും SPACE ന്റെ മറ്റു സവിശേഷതകളാണ് .കായംകുളം നഗരസഭയുടെ വൈസ് ചെയർമാൻ ആദർശ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില അനിമോൻ, ജില്ലാ പ്രോഗ്രാം ഓഫീസർ സിന്ധു പി എ, കായംകുളം AEO സിന്ധു എ, ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ദീപ എസ്, പിടിഎ പ്രസിഡന്റ് എം പി രാമഭദ്രൻ, ലയൺസ് ക്ലബ് പ്രസിഡന്റ് എംപി രഘുനാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ജി മുകുന്ദൻ നായർ കൃതജ്ഞതയും രേഖപ്പെടുത്തി.