'തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ജീവിത വിജയം നേടാനുതകുന്ന പദ്ധതികള്‍ നടപ്പിലാക്കും' മന്ത്രി വി.ശിവന്‍കുട്ടി
കാസര്‍ഗോഡ് - പ്രായോഗിക വിദ്യാഭ്യാസത്തിലൂടെ ജീവിത നൈപുണികള്‍ സ്വായത്തമാക്കുന്നതിനും അത് ജീവിതത്തില്‍ പ്രായോഗികമാക്കുന്നതിനുമുള്ള വിഭവശേഷി കൈവരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള കൂടുതല്‍ പദ്ധതികള്‍ സംസ്ഥാനതലത്തില്‍ നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സാമൂഹ്യപരമായ വികാസം തൊഴില്‍ മേഖലകളില്‍ കൂടി വ്യാപിപ്പിക്കുന്നതിനും വിവിധ മേഖലകളിലെ തൊഴിലാളികളോടും തൊഴിലിനോടും ശരിയായ മനോഭാവം വളര്‍ത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നതാകണം ഇത്തരം പരിശീലന ക്യാമ്പുകളെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സമഗ്ര ശിക്ഷാ കേരളം വിഭാവനം ചെയ്ത ക്രാഫ്റ്റ് 2022 ത്രിദിന ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഏഴാം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി വ്യത്യസ്ത മേഖലകളിലായി പരിശീലനം നല്‍കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.സംസ്ഥാനത്തൊട്ടാകെ തെരെഞ്ഞെടുത്ത സ്കൂളുകളില്‍ നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും, ഹരിത കേരള മിഷന്റേയും പൂര്‍ണ പിന്തുണയുണ്ടാകുമെന്നും പദ്ധതി നടപ്പിലാക്കുന്ന സമഗ്ര ശിക്ഷാ കേരളത്തിന് മന്ത്രി വിജയാശംസകള്‍ നേരുകയും ചെയ്തു. ഉദുമ എം.എല്‍.എ. അഡ്വ. സി.എച്ച്.കുഞ്ഞമ്പു അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.ആര്.സുപ്രിയ സംസാരിച്ചു. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എന്‍.രവീന്ദ്രന് 'ക്രാഫ്റ്റ് 2022'പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികള്‍, സമഗ്രശിക്ഷയുടെയും,വിദ്യാഭ്യാസ വകുപ്പിലെയും, ഹരിത കേരള മിഷനിലെയും പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു..