പൊതുവിദ്യാഭ്യാസ രംഗം കാലാനുസൃതമായി മാറ്റുന്നതിനുള്ള സമഗ്ര കര്‍മ്മപദ്ധതികളുമായി സമഗ്രശിക്ഷാ കേരളയുടെ ഏകദിന ശില്പശാല
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് അടുത്ത അഞ്ചു വര്‍ഷക്കാലം സമഗ്രമായി നടപ്പിലാക്കാന്‍ കഴിയുന്ന അക്കാദമിക- അക്കാദമികേതര പദ്ധതി പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ആശയ രൂപീകരണ ശില്പശാല സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ നടന്നു. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. സുപ്രിയ എ.ആര് ശില്പശാല ഉദ്ഘാടനം ചെയ്തു. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സംസ്ഥാന കാഴ്ചപ്പാടിന് ഇണങ്ങും വിധവും നൂതനവുമായി നടപ്പാക്കുന്നതിനുള്ള പരിപാടികള്‍ക്കാണ് സമഗ്രശിക്ഷാ കേരളം രൂപം നല്‍കുന്നതെന്ന് ഡയറക്ടര്‍ പറഞ്ഞു. പൂര്‍ണ്ണതോതില്‍ വിദ്യാലയ പ്രവേശനം സാധ്യമാക്കുന്നതിനും കൊഴിഞ്ഞുപോക്ക് ഇല്ലാത്തതുമായ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള ആശയങ്ങള്‍ ശില്പശാലയില് ചര്‍ച്ചയായി. പൊതുവിദ്യാഭ്യാസ രംഗത്ത് തുല്യതയും, അക്കാദമിക മികവും ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന് പ്രാധാന്യം നല്‍കും. പ്രീസ്കൂള്‍ രംഗത്തും പാര്ശ്വവല്കൃത മേഖലയിലെ കുട്ടികള്‍ക്കും ഗുണപരമായി മാറുന്ന നവീനമായ പദ്ധതികളും തയ്യാറാക്കും. കോവിഡാനന്തരം വിദ്യാലയങ്ങളില്‍ നടപ്പാക്കാവുന്ന വ്യത്യസ്തവും സാങ്കേതികതയിലൂന്നിയുമുള്ള പദ്ധതികളും ഉള്‍പ്പെടുത്തും. ഇത്തരത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം കാലാനുസൃതമായ മാറ്റത്തിനുതകുന്ന കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി അടുത്ത മാസം പകുതിയോടെ കേന്ദ്ര പൊതുവിദ്യാഭ്യാസ മന്ത്രാലയത്തിന് സമര്‍പ്പിക്കും. സമഗ്രശിക്ഷാ കേരളം മുന്‍ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദഗ്ധന്‍ ഡോ. സി. രാമകൃഷ്ണന്, എസ്.ഐ.ഇ.ടി ഡയറക്ടര്‍ ഡോ. അബുരാജ്, സീമാറ്റ് ഡയറക്ടര്‍ ഡോ. സാബു, സ്കോള്‍ കേരള വൈസ് ചെയര്മാന് ഡോ. പ്രമോദ്, ഡോ. ടി.പി.കലാധരന്‍, ഡോ. നാരായണന് ഉണ്ണി, ഡോ. ആര്. വിജയമോഹന്, ഡോ. സുലഭ, ഡോ. ബി. ബാലചന്ദ്രന് തുടങ്ങിയ അക്കാദമിക മേഖലയിലെ വിദഗ്ധരും സമഗ്രശിക്ഷാ കേരളം അഡീഷണല്‍ ഡയറക്ടര്‍മാരായ ഷിബു.ആര്.എസ്, ശ്രീകല കെ.എസ്, സംസ്ഥാന നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കാളികളായി.