ദേശീയ കലാഉത്സവിന് പുതുവർഷ ദിനത്തിൽ തിരശീല ഉയരും
തിരുവനന്തപുരം : കേന്ദ്ര പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എൻ സി ഇ ആർ സംഘടിപ്പിക്കുന്ന ദേശീയ കലാഉത്സവിന് ജനുവരി ഒന്നിന് തുടക്കമാകും. ഏഴ് ദിനങ്ങളിലായി അരങ്ങേറുന്ന ഓൺലൈൻ തത്സമയ മത്സരങ്ങളിൽ കേരളത്തിൽ നിന്ന് ഒൻപത് ഇനങ്ങളിലായി ഇക്കുറി പതിനെട്ട് കുട്ടികൾ പങ്കെടുക്കും. ആൺ - പെൺ വിഭാഗങ്ങളിൽ പ്രത്യേകമായാണ് മത്സരങ്ങൾ നടക്കുന്നത്. ക്ലാസിക്കൽ ,ഫോക്ക് , ചിത്രരചനാ , ശിൽപ്പകല , തദ്ദേശീയ കളിപ്പാട്ട നിർമാണം തുടങ്ങിയ ഇനങ്ങളിലാണ് കുട്ടികൾ മാറ്റുരക്കുന്നത് . കോഴിക്കോട് ജില്ലയിൽ വച്ചാണ് ഇത്തവണയും മത്സരങ്ങൾ അരങ്ങേറുന്നത്. സംഗീത നൃത്തയിനങ്ങൾ പ്രത്യേകം സജ്ജമാക്കിയ സ്റ്റുഡിയോ ഹാളിലും , രചന-ശില്പ നിർമ്മാണം തുടങ്ങിയവ കരാപറമ്പ് ഹയർസെക്കണ്ടറി സ്കൂളിലും അരങ്ങേറും. മത്സരാർത്ഥികളുടെ തത്സമയ പ്രകടനം ദില്ലിയിൽ നിന്നും വിധികർത്താക്കൾ ഓൺലൈനായി കാണും. ഇത്തവണയും സമഗ്ര ശിക്ഷ കേരളയ്ക്കാണ് സംഘാടന ചുമതല. പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ ഡോ എ പി കുട്ടികൃഷ്ണൻ വിജയാശംസകൾ നേർന്നു. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ സിന്ധു എസ്എസ് , സ്റ്റേറ്റ് മീഡിയ ഓഫീസർ അഭിലാഷ് തട്ടത്തുമല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകും .