പതികാലം കൊട്ടിക്കയറി സൂരജ് നേടിയത് രാജ്യത്തെ ഒന്നാം സ്ഥാനം....
തിരുവനന്തപുരം: കേന്ദ്ര പൊതുവിദ്യാഭ്യാസ വകുപ്പ് ദേശീയതലത്തില്‍ സംഘടിപ്പിച്ച കലാഉത്സവ് -2022 ല്‍ ആണ്‍കുട്ടികളുടെ തദ്ദേശീയ വാദ്യോപകരണ വിഭാഗത്തില്‍ സുരജ്. ടി.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കേരളത്തിന്റെ തനത് വാദ്യകലയായ ചെണ്ടമേളത്തില്‍, തായമ്പക പ്രമാണത്തിലെ പതികാലം മുതല്‍ ഇരിയട വരെ നീളുന്ന അഞ്ച് ഘട്ടങ്ങളെ മത്സര നിയമത്തിന് അനുസൃതമായി ആറ് മിനിട്ടില്‍ ചുരുക്കി കൊട്ടിക്കയറിയാണ് സൂരജ് കേരളത്തിനഭിമാനമായത്. നീണ്ട നാളത്തെ കഠിന പരിശ്രമവും കോവിഡ് കാലം അതിജീവിച്ചുള്ള നിശ്ചയദാര്‍ഢ്യ പരിശീലനവുമാണ് സൂരജിലൂടെ ഗുരു ഗിരീഷ് പൂയപ്പള്ളിയ്ക്കും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനും അഭിമാനമാകുന്ന നേട്ടം കൈവരിക്കാനായത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര പെരുങ്കുളം പി.വി.എച്ച്.എസ്.എസ് ലെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിയാണ്. സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിലാണ് ജനുവരി ഒന്നു മുതല്‍ ഏഴ് ദിനങ്ങളിലായി ഒന്‍പത് ഇന മത്സരങ്ങള്‍ ഓണ്‍ലൈനില്‍ തത്സമയം അരങ്ങേറിയത്. വാദ്യമേളം കൂടാതെ പെണ്‍കുട്ടികളുടെ വിഷ്വല്‍ ആര്‍ട്സ്, തദ്ദേശീയ കളിപ്പാട്ട നിര്‍മ്മാണം, ശാസ്ത്രീയ നൃത്തം തുടങ്ങിയ ഇനങ്ങളിലായി യഥാക്രമം രണ്ട് രണ്ടാം സ്ഥാനങ്ങളും ഒരു മൂന്നാം സ്ഥാനവും ലഭിച്ചു. കേന്ദ്ര പൊതുവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭാഗമായ എന്‍.സി.ഇ.ആര്.ടി.യ്ക്കായിരുന്നു ദേശീയ കലാഉത്സവിന്റെ സംഘാടന ചുമതല. ഫെബ്രുവരിയില്‍ നടക്കുന്ന പുരസ്കാര ദാന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.