വാണിയമ്പുഴ തൂക്കുപാലം കടന്ന് ആദിവാസി കുട്ടികൾ പഠനത്തിനെത്തി.
എടക്കര:ചാലിയാർ പുഴയിലേക്ക് ചേരുന്ന കൈവഴിയായ വാണിയമ്പുഴക്ക് കുറുകെ സ്ഥാപിച്ച തൂക്കുപാലം കടന്നാണ് ആദിവാസി കുരുന്നുകൾ പഠന കേന്ദ്രത്തിലെത്തിയത്. സമഗ്ര ശിക്ഷ കേരളം നിലമ്പൂർ ബിആർസി യുടെ നേതൃത്വത്തിലാണ് ആദിവാസി കുട്ടികൾക്ക് പഠന സൗകര്യമൊരുക്കിയത്. വാണിയമ്പുഴ, തരിപ്പപ്പൊട്ടി ആദിവാസി കുട്ടികൾ മഴ കനത്തതോടെ രണ്ടാഴ്ചയായി സ്കൂളിൽ പോകാൻ കഴിയുന്നില്ല. നിലമ്പൂർ ബിആർസി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എംകെ മനോജ് കുമാറിന്റെ നേതൃത്വത്തിൽ വാണിയമ്പുഴ, തരിപ്പ പൊട്ടി കോളനിയിലെ ഓരോ വീടുകളും കയറിയിറങ്ങി രക്ഷിതാക്കളെ ബോധവൽക്കരിച്ചാണ് കുട്ടികളെ കാടിറക്കി പഠന കേന്ദ്രത്തിലെത്തിച്ചത്. കനത്ത മഴയെ തുടർന്ന് മലവെള്ളം കുത്തിയൊഴുകുന്ന വാണിയമ്പുഴക്ക് കുറുകെ പ്ലാന്റേഷൻ കോർപ്പറേഷൻ നിർമിച്ച മുളകൊണ്ടുള്ള തൂക്കുപാലവും കടന്നാണ് കുട്ടികൾ എത്തിയത്. പാലത്തിന് ഇരു വശവും രക്ഷിതാക്കളും, അധ്യാപകരും ഒരു പോലെ നിന്ന് ശ്രദ്ധയോടെയാണ് കുരുന്നുകളെ തൂക്കുപാലം കടത്തി വിട്ടത്.
....