ഇടമലക്കുടിയിൽ വർണാഭമായ പ്രവേശനോത്സവം
ഇടുക്കി: കേരളത്തിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ കുട്ടികളും സ്കൂളിലെത്തി പ്രവേശനോത്സവത്തിൽ പങ്കെടുത്തു. പുത്തനുടുപ്പും കൂടയും ബാഗുമൊക്കെയായി നാൽപ്പത്തഞ്ചോളം വിദ്യാർത്ഥികളാണ് എൽ പി സ്കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്തത്. ഈ അധ്യയന വർഷം തന്നെ യു പി സ്കൂളായി ഉയർത്തുന്നതിനാൽ നാലാം ക്ലാസ് വിജയിച്ച കുട്ടികൾക്ക് സ്കൂളിൽ തന്നെ അഞ്ചാം ക്ലാസ് പഠനസൗകര്യവും ഒരുക്കിയിരുന്നു. ഇടമലക്കുടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹൻദാസ് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. ഇക്കുറി പ്രവേശനോത്സവത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പ്രവേശനോത്സവ ഗാനം മലയാളത്തിൽ നിന്ന് മൊഴിമാറ്റി മുതുവാൻ ഭാഷയിലാണ് ചിട്ട പ്പെടുത്തിയിരിക്കുന്നത്. കുട്ടികൾക്ക് മലയാളം പ്രയാസം ആയതിനാലാണ് ഇത്തരത്തിൽ ഗാനം ചിട്ടപ്പെടുത്തിയത്. ഷെഡ്കുടി , ആണ്ടവൻകുടി , ഇരിപ്പുക്കൽ കുടി, കണ്ടത്തിക്കുടി, തുടങ്ങിയ കുടികളിൽ നിന്നുള്ള വിദ്യാർഥികളാണ് പ്രവേശനോത്സവത്തിൽ പങ്കെടുത്തത്. ക്യൂഐപി സ്റ്റേറ്റ് ഡയറക്ടർ ധന്യ ആർ കുമാർ , സമഗ്ര ശിക്ഷ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഷൂജ എസ് വൈ, ഡി പി സി ബിന്ദുമോൾ ഡി, മൂന്നാർ ബി.പി.സി ക്രിസ്റ്റിനാൾ , സ്കൂളിലെ അധ്യാപകരായ സി.എ ഷെമീർ , വിജിൻ ചന്ദ്രൻ , ബ്രിഡ്ജ് സ്കൂളിലേക്ക് എസ് എസ് കെ നിയമിച്ച വോളണ്ടിയർമാരായ ശ്യാമള, വ്യാസ് , ചന്ദ്രവണ്ണൻ എന്നിവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി