പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം കുട്ടികളുടെ ദേശീയ കാലാവസ്ഥ കോൺക്ലേവ് 2023 സംഘടിപ്പിക്കുന്നു.
ഒക്ടോബർ 16 ,17 ,18 തീയതികളിലായി തിരുവനന്തപുരം, പി എം ജി യിൽ പ്രവർത്തിക്കുന്ന കേരളാ സ്റ്റേറ്റ് സയൻസ് & ടെക്നോളജി മ്യൂസിയം , പ്രിയദർശിനി പ്ലാനറ്റേറിയത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുക.
17 ആം തീയതി രാവിലെ 10 മണിക്ക് ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ കോൺക്ലേവിന്റെ ഉദ്ഘാടനം നിർവഹിക്കും. വി.കെ പ്രശാന്ത് MLA അധ്യക്ഷത വഹിക്കും.
18 നു നടക്കുന്ന സമാപന സമ്മേളനം ബഹു.പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ശാസ്ത്ര സാങ്കേതിക, പരിസ്ഥിതി മേഖലയിലെ വിദഗ്ദ്ധർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും.
16 ആം തീയതി വൈകുന്നേരത്തോടെ ഹരിയാന,ഛത്തീസ്ഗഡ് ,ഛണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും എത്തിചേരുന്ന 19 കുട്ടികളും 5 അധ്യാപകരും അടങ്ങുന്ന 24 അംഗ ടീമിനെ സമഗ്ര ശിക്ഷ കേരളം സ്വീകരിക്കും.
സംസ്ഥാനത്ത് വെതർ സ്റ്റേഷൻ സ്ഥാപിച്ചിട്ടുള്ള 258 സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 88 സ്കൂളുകളിലെ കുട്ടികളാണ് കോൺക്ലേവിന്റെ ഭാഗമാകുന്നത്.
ആകെ 400 കുട്ടികളാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. ജിയോഗ്രഫി വിഷയമായുള്ള ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നും മാത്രമല്ല സയൻസ് , കോമേഴ്സ് വിഷയങ്ങൾ പഠിപ്പിക്കുന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളാണ് പ്രബന്ധാവതരണം നടത്തുന്നത്. സ്കൂൾ വെതർ സ്റ്റേഷൻ സ്ഥാപിച്ചിട്ടുള്ള സ്കൂളുകളിലെ വിദ്യാർഥികൾ കഴിഞ്ഞ മൂന്നു മാസങ്ങളിലേറെയായി നടത്തിവരുന്ന കാലാവസ്ഥ പഠനങ്ങളും നിരീക്ഷണങ്ങളും നിഗമനങ്ങളും അടങ്ങുന്ന പഠന പ്രബന്ധങ്ങളാണ് കോൺക്ലേവിൽ അവതരിപ്പിക്കുന്നത്.
പൊതുവിദ്യാഭ്യാസ മേഖലയിൽ സ്കൂൾ കരിക്കുലത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ നേരിട്ടുള്ള ഇടപെടൽ കൂടി വ്യക്തമാക്കുന്ന പഠന ഗവേഷണ പ്രവർത്തനങ്ങളാണ് കുട്ടികളുടെ ദേശീയ കാലാവസ്ഥ കോൺക്ലേവിൽ വിവിധ സെഷനുകളായി ഉൾപ്പെടുത്തിയിരിക്കുന്നത്.
മൂന്ന് വേദികളിൽ പ്രബന്ധാവതരണത്തോടൊപ്പം 14 ജില്ലകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 28 പോസ്റ്ററുകളുടെ പ്രദർശനവും നടക്കും.
ആകെ അഞ്ച് വേദികളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ വിവിധ ഏജൻസികളുടെ പവലിയനുകളും തയ്യാറാക്കിയിട്ടുണ്ട്.മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന സംഘത്തിന് ശ്രീകാര്യം തുണ്ടത്തിൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന വെതർ സ്റ്റേഷൻ സന്ദർശിക്കുന്നതിനുള്ള ക്രമീകരണവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.വാഹനങ്ങൾ, താമസ സൗകര്യം, ഭക്ഷണം, ആരോഗ്യ പരിപാലനം, സുരക്ഷാക്രമീകരണങ്ങൾ, ഹോസ്പിറ്റാലിറ്റി , സ്വീകരണം, പ്രോഗ്രാം, പബ്ലിസിറ്റി എന്നിങ്ങനെ 15 കമ്മറ്റികൾ പ്രത്യേകമായി രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നത്.അടുത്ത അക്കാദമിക വർഷം മുതൽ ഹൈസ്കൂൾ തലത്തിലെ കുട്ടികൾക്ക് കൂടി സ്കൂൾ വെതർ സ്റ്റേഷൻ പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്ന തരത്തിലുള്ള അക്കാദമിക പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് സമഗ്ര ശിക്ഷ കേരളം ലക്ഷ്യമിടുന്നത്.
സ്കൂൾ വെതർ സ്റ്റേഷൻ പ്രവർത്തനവുമായി ആദ്യം മുതൽ പിന്തുണ നൽകി വരുന്ന കുസാറ്റ് , കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എന്നിവരുടെ സഹകരണത്തിനു പുറമെ യൂണിസെഫ് , ബയോഡൈവേഴ്സിറ്റി പാർക്ക്, കേരള സംസ്ഥാന സയൻസ് & ടെക്നോളജി മ്യൂസിയം , ഹ്യൂം സെന്റർ വയനാട്, കാർബൺ ന്യൂട്രൽ വില്ലേജ് മീനങ്ങാടി, എന്നിവരും കോൺക്ലേവിൽ സഹകരിക്കുന്നു.