എസ് എം വി സ്കൂളിൽ പെൺകുട്ടികളുടെ പ്രവേശനോത്സവം 'ഒപ്പം - 2023' മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : ഈ വർഷം മുതൽ മിക്സഡ് സ്കൂൾ ആക്കപ്പെട്ട തിരുവനന്തപുരം എസ് എം വി സ്കൂളിൽ പെൺകുട്ടികളുടെ പ്രവേശനോൽസവം നടത്തി. പ്രവേശനോത്സവവും ഉപഹാര സമർപ്പണവും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷനായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെയും രണ്ടാം പിണറായി സർക്കാരിന്റെയും കാലം പരിശോധിച്ചാൽ മുപ്പതിലധികം സ്കൂളുകൾ മിക്സഡ് സ്കൂളുകൾ ആയിട്ടുണ്ട് എന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സർക്കാരിന് കൃത്യമായ നിലപാടുണ്ട്. മിക്സഡ് സ്കൂളുകൾ അനുവദിക്കുന്നത് അതത് സ്കൂൾ അധികൃതരുടെയും അദ്ധ്യാപക - രക്ഷകർത്തൃ സമിതിയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അഭിപ്രായം മാനിച്ചാണ്. ഇത്തരം ആവശ്യങ്ങൾ ഉയരുമ്പോൾ അപേക്ഷകൾ വിദ്യാഭ്യാസ വകുപ്പ് പ്രത്യേകം പരിശോധിച്ചാണ് അംഗീകരിക്കുക. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുക എന്നത് ആധുനിക സമൂഹത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുമ്പോൾ, പരസ്പര തുല്യതയും ബഹുമാനവും വളർന്ന് വരാൻ സാഹചര്യം ഒരുങ്ങും. ലിംഗപരമായ യാഥാസ്തികതയെ തകർക്കാനും കൂടുതൽ നീതിയുക്തമായ ഒരു സമൂഹം സൃഷ്ടിക്കാനും ഇത് സഹായിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.തലസ്ഥാന നഗരിയിലെ പ്രധാന ആൺ പള്ളിക്കൂടമായിരുന്നു എസ്.എം.വി ഗവ.മോഡൽ എച്ച്.എസ്.എസ്. ഈ സ്കൂളിൽ പെൺകുട്ടികൾക്കും ഈ അധ്യയന വർഷം മുതൽ പഠിക്കാം. അഞ്ച് മുതൽ പത്താം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്കാണ് പ്രവേശനം അനുവദിക്കുന്നത്.