തിരികെ സ്കൂളിലേക്ക് - കോവിഡ് സുരക്ഷാ എക്കോ ഗാർഡൻ ഒരുക്കി ആര്യാട് ഗവ.എച്ച് എസ് എൽ പി സ്കൂൾ.
ആലപ്പുഴ - പൂക്കളെയും ചെടികളെയും സ്നേഹിക്കാത്ത കുട്ടികളില്ല.വർണശബളമാർന്ന ചെടികൾ വളരുന്ന പൂന്തോട്ടം ഓരോ കുട്ടിക്കും സന്തോഷം നൽകുന്നു.ചെടികളെ സ്നേഹിക്കുന്ന കുട്ടികൾ പൂന്തോട്ടത്തിലൂടെ കടന്നു പോകും എന്ന കാര്യത്തിൽ സംശയമില്ല. പൂന്തോട്ടത്തിൽ എത്തുന്ന ഓരോ കുട്ടിക്കും പൂക്കളെയും ചെടികളെയും അടുത്തറിയാൻ കഴിയുന്നതോടൊപ്പം തന്നെ അവർ നൽകുന്ന സന്ദേശവും മനസ്സിലാക്കാൻ കഴിയും.
മഹാവ്യാധിയുടെ ഈ കാലഘട്ടത്തിൽ കാലം കുട്ടികളോട് ആവശ്യപ്പെടുന്ന പെരുമാറ്റരീതികൾ ചെടികൾ തന്നെ സംസാരിച്ചാലോ?അത്തരമൊരു ചിന്തയുടെ പരിണിതഫലമാണ് കോവിഡ് സുരക്ഷാ എക്കോ ഗാർഡൻ ഒരുക്കി ആര്യാട് ഗവ.എച്ച് എസ് എൽ പി സ്കൂൾ മാതൃകയാകുന്നത്. കുട്ടികളെ അറിയിക്കേണ്ട കോവിഡ് സുരക്ഷാ സന്ദേശങ്ങൾ ചെടികളുടെ സാമീപ്യത്തിൽ കുട്ടികൾ അറിയുന്നു. അതിനാവശ്യമായ സംവിധാനത്തിൽ പൂന്തോട്ടത്തിലെ ചെടികളോടൊപ്പം സന്ദേശങ്ങൾ നിറഞ്ഞ പോസ്റ്ററുകളും പ്ലക്കാർഡ് രൂപത്തിൽ ഒരുക്കുന്നു.കൊറോണ സുരക്ഷാ എക്കോ ഗാർഡന്റെ ഉദ്ഘാടനം പുന്നമട വാർഡ് കൗൺസിലർ ജി ശ്രീലേഖ നിർവഹിച്ചു. ആലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ മധുസൂദനൻ,സ്കൂൾ ഹെഡ്മാസ്റ്റർ എം ഷുക്കൂർ,എസ് എം സി വൈസ് ചെയർമാൻ ജയപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.