പൊതുവിജ്ഞാനം വർദ്ധിപ്പിക്കാൻ കരുത്തുള്ള 'പെൻസിൽ'
ആലപ്പുഴ(ആര്യാട്)- ചരിത്രം പറയുന്ന ചുവരുകൾ. കഥ പറയുകയും കവിത ചൊല്ലുകയും ചെയ്യുന്ന തൂണുകൾ. ആര്യാട് ഗവൺമെൻറ് എച്ച് എസ് എൽപി സ്കൂളിലാണ് പൊതുവിജ്ഞാനം വർദ്ധിപ്പിക്കാൻ ഉതകുന്ന 'പെൻസിൽ' എന്ന് പേരിട്ടിരിക്കുന്ന വേറിട്ട ഈ കാഴ്ച. പ്രോഗ്രാം എൻറിച്ചിംഗ് ന്യൂ കൾച്ചർ ഇൻ ലേണിംഗ് എന്നതിൻ്റെ ചുരുക്കപ്പേരാണ്പെൻസിൽ. ദിനാചരണങ്ങളുടെ ഭാഗമായും ക്ലാസ്സ്തല പ്രവർത്തനങ്ങളുടെ അനുബന്ധമായും വികസിച്ചുവരുന്ന സാമഗ്രികൾ ലളിതമായ രീതിയിൽ ലാമിനേറ്റ് ചെയ്തുകൊണ്ടും കുട്ടികൾക്ക് എന്നെന്നും ഉപയോഗിക്കാൻ പാകത്തിന് സ്കൂൾ കെട്ടിടത്തിലെ വാതിലുകളും ജനലുകളും പ്രയോജനപ്പെടുത്തിക്കൊണ്ടുമാണ് 'പെൻസിൽ' വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ സാമഗ്രിയിലും കുട്ടികൾ കണ്ടെത്തുന്ന പുതിയ കാര്യങ്ങൾ കൂട്ടിച്ചേർക്കാനും ഇടം നൽകിയിട്ടുണ്ട്. കൂടാതെ ഈ സാമഗ്രികൾ പ്രയോജനപ്പെടുത്തി ദിനേനയുള്ള ക്വിസ് പ്രോഗ്രാമും സമ്മാനവിതരണവും ആസൂത്രണം ചെയ്തിട്ടുണ്ട്.കുട്ടികൾക്ക് വായനക്ക് ഉപകരിക്കുന്ന കഥാ- കവിതാ കാർഡുകൾ തൂണുകളിൽ ഭംഗിയായ രീതിയിൽ വിന്യസിക്കുന്നതും പെൻസിലിൻ്റെ പ്രത്യേകതയാണ്. സ്വതന്ത്ര വായനയ്ക്ക് കുട്ടികളെ പ്രേരിപ്പിക്കുന്നത് വഴി ഈ പ്രവർത്തനം കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും സർഗ്ഗഭാവനകൾ സൃഷ്ടിക്കുന്നതിനും ഉപകരിക്കുമെന്ന് ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.
ദേശീയ വിദ്യാഭ്യാസ ദിനാചരണത്തിൻ്റെ ഭാഗമായി രൂപം കൊണ്ട മൗലാനാ അബ്ദുൽ കലാം ആസാദിൻ്റെ വിവരങ്ങളടങ്ങിയ ചാർട്ടിൽ പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് പെൻസിലിൻ്റെ ഉദ്ഘാടനം ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യാ രാജ് നിർവഹിച്ചു. ചടങ്ങിൽ സംബന്ധിച്ച ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി ആർ ഷൈല സ്കൂൾ വായനാ വസന്തത്തിൻ്റെ ഭാഗമായ പുസ്തകങ്ങൾ കുട്ടികൾക്കു നൽകി. വാർഡ് കൗൺസിലർ ജി. ശ്രീലേഖ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.മധുസൂദനൻ ആശംസകളറിയിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ എം.ഷുക്കൂർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനിൽ നന്ദിയും പറഞ്ഞു.