' ഒരു കുഞ്ഞെഴുത്ത് ' വിശ്രുത് മാച്ചാത്തി 5 ബി , ഇടക്കേപ്പുറം യു പി എസ് മാടായി, കണ്ണൂർ
ഒരു ദിവസം ഞാൻ സ്കൂൾ വിട്ടു വന്നപ്പോഴാണ് ആ കാഴ്ച കാണുന്നത് . അതാ അമ്പഴ മരത്തിൽ ഒരു ചെറിയ പക്ഷിക്കൂട്. കുറച്ചു ദിവസം ഞാൻ പക്ഷിക്കൂട് നിരീക്ഷിച്ചു. അതിൽ പക്ഷികളൊന്നും ഉണ്ടായിരുന്നില്ല കുറച്ച് ദിവസം കഴിഞ്ഞ് അച്ചാച്ചൻ നെല്ലുണക്കുന്നിടത്ത് വെയില് കിട്ടാൻ അമ്പഴമരത്തിന്റെ ചില്ലകൾ വെട്ടി. കുറച്ച് ദിവസങ്ങൾക്ക് ശേഷം അമ്പഴ മരത്തിൽ നിന്ന് ചെറിയ ശബ്ദങ്ങൾ കേട്ടു. അതിൽ ചെറിയ കുഞ്ഞു പക്ഷികൾ ഉണ്ടായിരുന്നു. ചില്ലകൾ വെട്ടിയതിനാൽ മഴയും വെയിലും കൊള്ളും. മാത്രമല്ല കാക്കയോ പരുന്തോ ശല്യം ചെയ്യാൻ സാധ്യതയുണ്ട്. ഇതിന് പരിഹാരമായി മഴയും വെയിലും കൊള്ളാതിരിക്കാൻ വീട്ടിൽ കാല് പൊട്ടിയ ഒരു കുടയെടുത്ത് വലിയൊരു വടിയിൽ കെട്ടി മരത്തിന് ചാരി കെട്ടി വച്ചു. അത് പക്ഷികൾക്ക് സന്തോഷം നൽകിക്കാണും. അച്ഛനോട് ചോദിച്ചപ്പോഴാണ് മനസ്സിലായത് അതിന്റെ പേര് ചവലാച്ചി എന്നാണ്. പൂത്താങ്കിരി എന്നും പേരുണ്ട്.അതിന്റെ പ്രധാന ഭക്ഷണം ചിതലും പുഴുവുമാണെന്നും പറഞ്ഞു. ഞാൻ കുഞ്ഞുപക്ഷികളെ എല്ലാ ദിവസവും നിരീക്ഷിക്കും. ആ കുഞ്ഞു മാലാഖകൾക്ക് ഓറഞ്ച് നിറമായിരുന്നു. അതിന്റെ തള്ള പക്ഷികൾ എന്റെ വീട്ടിലെ പല ചെടികളിൽ നിന്നും പുഴുക്കളെ ശേഖരിച്ച് കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത് ഞാൻ ആസ്വദിച്ചു. വീടിന് മുകളിലെ എന്റെ മുറിയിൽ നിന്ന് ജനാല തുറന്നു നോക്കിയാൽ അത് വ്യക്തമായി കാണാം. അവയുടെ കഷ്ടപ്പാട് കണ്ടപ്പോൾ ഞാനും കുറച്ച് പുഴുക്കളെ പിടിച്ച് ഇലയിൽ ആക്കി ഓടിനു മുകളിൽ വെച്ചുകൊടുത്തു.ഞാൻ സ്കൂളിൽ പോയപ്പോൾ പക്ഷികൾ അത് വന്ന് തിന്നിട്ടുണ്ടാകാം.
എന്നും രാവിലെ അവയുടെ കലപില ശബ്ദങ്ങൾ കേൾക്കുന്നതിനാൽ അവയുടെ ശബ്ദവും ശൈലിയും എനിക്ക് മനസ്സിലായി തുടങ്ങി. ഇര കണ്ടെത്തിക്കഴിഞ്ഞാൽ അഞ്ചു തവണ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. ഭക്ഷണം കുഞ്ഞുങ്ങൾക്ക് കൊടുത്തു കഴിഞ്ഞാൽ അമ്മ പക്ഷി ഉറപ്പായും കൂട്ടിലിരിക്കും. മറ്റ് പക്ഷികൾ അവിടെ വരുന്നതുവരെ അത് അവിടെ ഇരിക്കും. വരുമ്പോൾ പക്ഷികൾ തീറ്റയും കൊണ്ടായിരിക്കും വരിക.നാലു പക്ഷികളെയാണ് സാധാരണ കാണാറുള്ളത്.
ഒരു ദിവസം കഥയിലെ വില്ലൻ വന്നു. അതൊരു ചേരയായിരുന്നു. ഇത് നടന്നപ്പോൾ ഞാൻ സ്കൂളിൽ ആയിരുന്നു. അമ്മയാണ് അമ്മപ്പക്ഷിയുടെ വേവലാതിയെക്കുറിച്ച് എന്നോട് പറഞ്ഞത്. പാമ്പ് വന്നപ്പോൾ അമ്മപ്പക്ഷിയും കൂടെയുള്ള മറ്റു പക്ഷികളും ചിറകടിക്കുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെയാണ് അമ്മ ഇക്കാര്യം അറിഞ്ഞത് . അമ്മ പാമ്പിനെ കല്ലെറിഞ്ഞു ഓടിച്ചു. പാമ്പ് വീണ്ടും വരുമോ എന്ന് സംശയമായി. രാത്രിയിലോ മറ്റോ വരുമോ എന്ന് പേടിയുമായി. പാമ്പ് വരാതിരിക്കാനായി അമ്മമ്മ മരത്തിന് ചുറ്റും മണ്ണെണ്ണ ഒഴിച്ചു. രാത്രി അച്ഛനോട് പറഞ്ഞു പാമ്പ് വിദഗ്ധനെ വിളിച്ചു. ചേര ആയതിനാൽ രാത്രി വരില്ല എന്ന് അവർ പറഞ്ഞു. പക്ഷേ പകൽ വരാൻ സാധ്യതയുണ്ട്. പാമ്പ് നാവ് നീട്ടുമ്പോൾ ഇരയുള്ള ഭാഗത്ത് നീളം കൂടുതലും മറുവശത്ത് നീളം കുറവുമായിരിക്കും. അങ്ങനെയാണ് പാമ്പ് പിടിക്കുന്നത് എന്നും അവർ പറഞ്ഞുതന്നു. അമ്മമ്മ മണ്ണെണ്ണ ഒഴിച്ചത് വെറുതെയായി. പാമ്പ് മണം പിടിച്ച് വരില്ല. പിറ്റേദിവസം പാമ്പ് വിദഗ്ധൻ പറഞ്ഞു തന്നത് പ്രകാരം മരത്തിന് ചുറ്റും വല കെട്ടി. അടുത്ത ദിവസം ഒരു പൂച്ച അതുവഴി പോയപ്പോൾ പക്ഷികൾ അതിന്റെ പിറകെ പോയി ശബ്ദം ഉണ്ടാക്കി. ശബ്ദം കേട്ടപ്പോൾ എനിക്ക് തോന്നി പക്ഷിക്കുഞ്ഞുങ്ങളെ പൂച്ച പിടിച്ചു എന്ന്. അതുകണ്ട് അച്ഛൻ പൂച്ചയെ ഓടിച്ചുവിട്ടു. നമ്മൾ നല്ലവരാണോ എന്ന് നോക്കാൻ വേണ്ടി പക്ഷികൾ ചെയ്ത സൂത്രമാണോ അത് എന്ന് എനിക്ക് തോന്നി. അവർക്ക് നമ്മളെ വിശ്വാസമായി എന്ന് തോന്നുന്നു. നമ്മൾ അതിന്റെ അടുത്ത് പോകുമ്പോഴൊന്നും അവ പേടിക്കാറില്ല.ഇപ്പോൾ കുഞ്ഞു പക്ഷികൾക്ക് ചാരനിറം വന്നു തുടങ്ങിയിട്ടുണ്ട്. തലയിലാണ് ആദ്യം തൂവൽ വന്നത്.അതിന്റെ അമ്മപ്പക്ഷി അതിനെ പറക്കാൻ പഠിപ്പിക്കുമ്പോൾ അത് നോക്കി എനിക്കും പറക്കാൻ പഠിക്കണമെന്ന് ആഗ്രഹം തോന്നി.എന്റെ പാഠപുസ്തകത്തിലെ സുഗതകുമാരി ടീച്ചറുടെ കിളിനോട്ടം എന്ന കഥയിലെപ്പോലെ ഒരു ദിവസം ഈ പക്ഷിയും പറന്നു പോകുമായിരിക്കും. എന്നാലും അത് കഥയിലെ പോലെ പോയാലും തിരിച്ചുവരുമെന്നാണ് എന്റെ പ്രതീക്ഷ.