ഉജ്ജ്വല ബാല്യം പുരസ്കാര നിറവിൽ കാശിനാഥൻ
കൊല്ലം(കൊട്ടാരക്കര ബി ആർ സി): സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം ഭിന്നശേഷി വിഭാഗത്തിൽ ഈവർഷത്തെ പുരസ്കാരം ലഭിച്ച തൃക്കണ്ണമംഗൽ എസ്.കെ.വി.വി.എച്ച്.എസ്.എസ്- ലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ കാശിനാഥൻ ജി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ഭിന്നശേഷിയിൽ നിന്ന് കാര്യശേഷിയിലേക്ക് എത്തി തനതായ ശേഷിയിലൂടെ ശ്രദ്ധേയനായ കാശിനാഥൻ എല്ലാവർക്കും ഒരു പ്രചോദനമാണെന്ന് മന്ത്രി പറഞ്ഞു . സംഗീതം, ഉപകരണ സംഗീതത്തിൽ ചെണ്ട, ജാസ്, ഡ്രം,ജിമ്പേ, കഹോൺ, ഡോലക് തുടങ്ങിയ ഇനങ്ങളിൽ തന്റേതായ കഴിവ് തെളിയിച്ചു മുന്നേറുകയാണ് കാശിനാഥൻ ജി. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഉപകരണ സംഗീതത്തിൽ രണ്ട് പ്രാവശ്യം ഒന്നാം സ്ഥാനവും എ ഗ്രേഡും വാങ്ങിയിട്ടുണ്ട്. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടന്ന 'സഹയാത്ര' പ്രോഗ്രാമിൽ പങ്കെടുക്കുവാനും അവസരം ലഭിച്ചിരുന്നു. ഒപ്പം കേന്ദ്രസർക്കാരിന്റെ 'ദിവ്യ കലാശക്തി'എന്ന പരിപാടിയിൽ പങ്കെടുത്ത് കലാപ്രകടനം നടത്തുവാനും സാധിച്ചു . മൂന്നു വയസ്സിലെ കുട്ടിയിലെ താളബോധം തിരിച്ചറിഞ്ഞ് നിരന്തര പരിശീലനം നൽകുന്ന രക്ഷിതാക്കളും , മുന്നേറാൻ പ്രചോദനം നൽകിക്കൊണ്ട് എപ്പോഴും സ്പെഷ്യൽഎഡ്യൂക്കേറ്റേഴ്സും സ്കൂളും കുട്ടിക്കൊപ്പം ഉണ്ട്.