കൃഷിപാഠങ്ങൾ നേരിട്ടറിയാൻ ശിഷ്യഗണങ്ങൾ പാടത്തിറങ്ങി.
കൊല്ലം (ബി.ആർ.സി കൊല്ലം ):- മയ്യനാടിൻ്റെ പ്രധാന നെല്ലറകളിൽ ഒന്നായ കാരിക്കുഴി ഏലായിൽ വാളത്തുംഗൽ ഗവ.എൽ.പി.സ്കൂൾ അധ്യാപകനും കഴിഞ്ഞ രണ്ട് വർഷമായി മയ്യനാട് ഗ്രാമപഞ്ചായത്തിലെ മികച്ച കർഷക അവാർഡ് ജേതാവ് കൂടിയായ സിനോലിൻ്റെ നെൽകൃഷി നേരിട്ട് കണ്ട് മനസിലാക്കുവാൻ പ്രിയപ്പെട്ട ശിഷ്യഗണങ്ങൾ പാടത്തിറങ്ങി. സംസ്ഥാന സർക്കാറിൻ്റെ നെൽകൃഷി വികസന പദ്ധതി പ്രകാരം മയ്യനാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട നടീൽ ഉത്സവത്തോടനുബന്ധിച്ചാണ് കുട്ടികൾ എത്തിച്ചേർന്നത്. മയ്യനാട് ഗ്രാമപഞ്ചായത്ത് മെമ്പർ ആർ.എസ്.അബിൻ, കൃഷി ഓഫീസർ അനൂപ് ചന്ദ്രൻ, സ്ക്കൂൾ ഹെഡ്മാസ്റ്റർ ജെ.ആൻ്റണി, കൃഷി അസിസ്റ്റൻ്റ് അനസ്, സ്റ്റാഫ് സെക്രട്ടറി റെയ്ച്ചൽ. കെ.പി, മുതിർന്ന കർഷകരായ മധു, അനിരുദ്ധൻ, അധ്യാപകർ, എസ് .എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളായ ഞാറ്റടി ഒരുക്കൽ, വിത്ത് മുളപ്പിക്കൽ, വിത്ത് പാകൽ, നിലം ഒരുക്കൽ, ജൈവ വളപ്രയോഗം, ഞാറ് നടീൽ, കളപറിക്കൽ, കൊയ്ത്ത്, മെതി എന്നീ ഘട്ടങ്ങൾ കൃഷി ഓഫീസർ കുട്ടികൾക്ക് വിശദീകരിച്ചുനൽകി.