കലാപകലുഷിതമായ മണിപ്പൂരിൽ നിന്ന് ബന്ധുവിനൊപ്പം കേരളത്തിൽ എത്തിയതാണ് ജേ ജെം എന്ന ഹൊയ്നെജെം വായ്പേയ്. ജേ ജെമ്മിന്റെ വീട് അക്രമികൾ കത്തിച്ചതായാണ് വിവരം. മാതാപിതാക്കളും സഹോദരങ്ങളുമാകട്ടെ ഗ്രാമത്തിൽ നിന്ന് പാലായനം ചെയ്തു.ഈ സാഹചര്യത്തിൽ കേരളത്തിൽ എത്തിയ ജേ ജെമ്മിന് മറ്റു രേഖകൾ ഒന്നും ഹാജരാക്കിയില്ലെങ്കിലും സർക്കാർ സ്കൂളിൽ പ്രവേശനം നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുകയായിരുന്നു. അങ്ങിനെ ജേ ജെം തിരുവനന്തപുരം തൈക്കാട് മോഡൽ ഗവൺമെന്റ് എൽ പി സ്കൂളിൽ മൂന്നാം ക്ലാസിൽ ചേർന്നു.
ജേ ജെമ്മിനെ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്കൂളിൽ എത്തി നേരിൽ കണ്ടു. ജേ ജെമ്മിന്റെ വിദ്യാഭ്യാസത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ജേ ജെം കേരളത്തിന്റെ വളർത്തുമകളാണ്. സമാധാനത്തോടെ ജീവിച്ചു പഠിക്കാനുള്ള സാമൂഹികാന്തരീക്ഷം കേരളത്തിലുണ്ട്. മണിപ്പൂരിലെ നിലവിലെ സാഹചര്യം ഏറെ ദുഃഖകരമാണ്. ആക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ അധികൃതർ തയ്യാറാകണമെന്ന് മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.