ശ്രദ്ധേയമായി "കലയും കരുതലും"
കൊല്ലം( ബി ആർ സി കരുനാഗപ്പള്ളി ):- കരുനാഗപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ചു പ്രധാന വേദിയായ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപം സമഗ്ര ശിക്ഷ ഒരുക്കിയ പ്രദർശനം "കലയും കരുതലും" ശ്രദ്ധേയമാകുന്നു. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കരുനാഗപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ,ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ ഇവരുടെ സംയുക്തഭിമുഖ്യത്തിൽ ഉപജില്ലയിലെ എൽ.പി മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സരത്തിൽ നിന്ന് മികച്ച രചനകൾ തെരഞ്ഞെടുത്താണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീജാ ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അനിൽ എസ് കല്ലേലിഭാഗം പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തു പൊതുമരാമത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വസന്താ രമേശ്, ബ്ലോക്ക് പ്രോജെക്റ്റ് കോർഡിനേറ്റർ സിനീഷ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു . പോലീസ് ഉദ്യോഗസ്ഥർ , എക്സൈസ് ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ,പ്രദേശവാസികൾ എന്നിവർ സ്റ്റാൾ സന്ദർശിച്ച ശേഷം, സ്റ്റാളിൽ ക്രമീകരിച്ച ബുക്കിൽ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.പുതുതലമുറയുടെ ഇത്തരം രചനകൾ സമകാലിക സമൂഹത്തിന് വിലയേറിയ സന്ദേശമാണ് നൽകുന്നതെന്ന് പ്രദർശന നഗരി സന്ദർശിച്ചവർ അഭിപ്രായപ്പെട്ടു.