പാഠപുസ്തക വിതരണം: മൂന്നു വാല്യങ്ങളും മുഴുവനായി അച്ചടിച്ച് വിതരണം ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്; കോവിഡ് മഹാമാരിക്കാലത്ത് മികച്ച നേട്ടമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം - കോവിഡ് മഹാമാരിക്കാലത്തും സമയബന്ധിതമായി പാഠപുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 2021-22 അദ്ധ്യയന വർഷം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാകുട്ടികൾക്കും ആവശ്യമായ പാഠപുസ്തകങ്ങൾ എത്തിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു. മുൻ വർഷത്തിലേത് പോലെ ഇത്തവണയും മൂന്ന് വാല്യങ്ങളായിട്ടാണ് പാഠപുസ്തകങ്ങൾ അച്ചടിച്ചത്.
ഒന്നാം വാല്യം 288 ടൈറ്റിലുകളും രണ്ട്, മൂന്ന് വാല്യങ്ങൾ യഥാക്രമം183, 66 എന്നിങ്ങനെ ടൈറ്റിലുകളുമാണ് ഉള്ളത്. ഇതിൽ സ്കൂൾ ക്ലാസ്സുകൾ ആരംഭിക്കുന്നതിന് ആവശ്യമായ ഒന്നാം വാല്യം പാഠപുസ്തകങ്ങൾ കോവിഡിന്റെ കഠിനമായ സാഹചര്യത്തിൽ പോലും ജൂൺ ആദ്യവാരം തന്നെ വിതരണം പൂർത്തീകരിച്ചിരുന്നു. ഇത് 2.62 കോടി പാഠ പുസ്തകങ്ങളാണ്. കൂടാതെ പുതുതായി ഈ വർഷം പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേർന്ന കുട്ടികൾക്കായി ഏകദേശം 10 ലക്ഷം ഒന്നാം വാല്യം പാഠപുസ്തകങ്ങൾ അധികമായും നൽകിയിട്ടുണ്ട്.2021-22 അദ്ധ്യയന വർഷത്തേക്കുള്ള 1.71കോടി രണ്ടാം വാല്യം പാഠപുസ്തകങ്ങളും വിതരണം പൂർത്തീകരിച്ച് പുതുതായി വന്നുചേർന്ന കുട്ടികൾക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണവും നടത്തിയിട്ടുണ്ട്.മൂന്നാം വാല്യം ആകെയുള്ള 66 ടൈറ്റിലുകളിൽ 46 ടൈറ്റിലുകൾ രണ്ടാം വാല്യത്തോടൊപ്പം സംയോജിപ്പിച്ച് അച്ചടിച്ച് വിതരണം നടത്തിയിട്ടുള്ളതിനാൽ ഈ വർഷം മൂന്നാം വാല്യം 20 ടൈറ്റിലുകളാണ് അവശേഷിച്ചിരുന്നത്. മൂന്നാം വാല്യം 19.34 ലക്ഷം പുസ്തകങ്ങളുൾപ്പടെ 2021-22 അദ്ധ്യയന വർഷത്തേക്കാവശ്യമായ എല്ലാ പാഠപുസ്തകങ്ങളുടേയും വിതരണം ചെയ്യാനായി.
2022-23 അദ്ധ്യയന വർഷത്തേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി സംബന്ധിച്ച ക്രമീകരണങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഹയർ ലെവൽ മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ആരംഭിച്ചിട്ടുണ്ട്. അടുത്ത അദ്ധ്യയന വർഷത്തേക്ക് ആവശ്യമായ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസിൽ ആരംഭിച്ചുകഴിഞ്ഞു.കോവിഡ് മഹാമാരിക്കാലത്തും സമയബന്ധിതമായി പാഠപുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്യാനായത് മികച്ച നേട്ടമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. അടുത്ത അധ്യയന വർഷം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി ആരംഭിക്കാനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.