'വെളക്കണ്ണൻ പാറയിൽ നിന്ന് പ്രിയയുടെ കുടുംബത്തോടൊപ്പം' നിലമ്പൂർ ബിപിസി എം മനോജ്കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു..
നിലമ്പൂർ- നിലമ്പൂർ എം.എൽ.എ ശ്രീ .പി വി അൻവർ മുഖേന മലബാർ ഗോൾഡ് ഗ്രൂപ്പ്നിലമ്പൂർ ഉപജില്ലയിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത പതിനഞ്ച് പെൺകുട്ടികൾക്ക് ടാബ്ലറ്റ് വിതരണം നടത്തിയപ്പോൾ ഏറ്റവും അർഹരായവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ കുട്ടികളുടെ ലിസ്റ്റായിരുന്നു നൽകിയിരുന്നത്. എന്നാൽ ടാബ് വിതരണംചെ യ്ത ചടങ്ങിൽ എത്താതിരുന്ന ഏതാനും കുട്ടികൾക്ക് ടാബ് എത്തിച്ച് കൊടുക്കാൻ നിലമ്പൂർ ബി ആർ സിയെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. അക്കൂട്ടത്തിൽപ്പെട്ട നിലമ്പൂർ ഐ ജി എം എം ആർ സ്കൂളിൽ പഠിക്കുന്ന അഞ്ചാം ക്ലാസുകാരി പ്രിയയെ കണ്ടെത്താൻ ഏറെ ദിവസമെടുത്തു. പോത്തുകല്ല് പഞ്ചായത്തിലെ മലാംകുണ്ടിൽ താമസിച്ചിരുന്ന ചാത്തൻ, ഇന്ദു ദമ്പതികളും കുടുംബവും പ്രളയത്തെ തുടർന്ന് വീട് നഷ്ടപ്പെട്ടവരാണ്. സ്ഥലത്തെ അനിമേറ്റർ മുഖേന അന്വേഷിച്ചപ്പോൾ ഈ കുടുംബം നിലവിൽ എരുമമുണ്ടക്കടുത്ത് കല്ലം പുഴയിൽ വെളക്കണ്ണംപാറയിലാണ് താമസിക്കുന്നതെന്നറിഞ്ഞു. ബി ആർ സി യിലെ സഹപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ സബിത്ത് മാഷിനോടൊപ്പം എരുമമുണ്ടയിൽ എത്തുമ്പോൾ സമയം 5.30 കഴിഞ്ഞിരുന്നു. ചോദിച്ച് ചോദിച്ച് രണ്ട് കിലോമീറ്റർ ബൈക്ക് യാത്ര. പിന്നീട് ഒരു കിലോമീറ്റർ കാൽനട യാത്ര. നടവഴി കൂടിയില്ലാത്ത പുഴവക്കിലൂടെ കുറച്ച് ദൂരം. കടുംകുത്തനെ ഒഴുകുന്ന, പരുപരുത്ത, വഴുക്കലുള്ള കല്ലുകൾ നിറഞ്ഞ കല്ലം പുഴയിൽ ഒരു വലിയ പാറയുടെ മുന്നിൽ നിന്നും അച്ഛനും അമ്മയും ഒപ്പം നാലു വയസു തോന്നിക്കുന്ന പെൺകുട്ടിയും കൈകൊട്ടി വിളിച്ചു. ഏറെ പണിപ്പെട്ടാണ് ടാർപോളിൻ ഷീറ്റിൻ്റെ മേൽക്കൂരയുള്ള കൂരയിലെത്തിയത്. തേടിയെത്തിയ പ്രിയ സ്ഥലത്തില്ല. അമ്മാവൻ്റെ വീട്ടിൽ വിരുന്നു പോയതാണ്. എന്ന് തിരിച്ചു വരും എന്നറിയില്ല. ടാബ് അമ്മയെ ഏൽപ്പിച്ച് സിമ്മ് എടുക്കണമെന്നും ഓൺലൈൻ ക്ലാസ് കാണിക്കണമെന്നും സ്കൂളിൽ വിടണമെന്നും പറഞ്ഞുവെങ്കിലും അച്ഛനമ്മമാരുടെ മുൻഗണനാ പട്ടികയിൽ വിദ്യാഭ്യാസത്തിൻ്റെ സ്ഥാനം എവിടെയാണെന്നറിയില്ല. അരികുവൽക്കരിക്കപ്പെട്ടവരെ കൈപിടിച്ച് കൂടെ കൂട്ടാൻ കൂടുതൽ ഫലപ്രദമായ ഇടപെടൽ അനിവാര്യമാണ്. സമഗ്ര ശിക്ഷയുടെ പ്രവർത്തനങ്ങൾ മാതൃകാപരവും.