സെപ്റ്റംബർ 5 - അധ്യാപക ദിനം
ഇന്ത്യ കണ്ട പ്രതിഭാധനനായ അധ്യാപകശ്രേഷ്ഠനാണ് മുൻ രാഷ്ട്രപതി കൂടിയായ ഡോ. എസ് രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ ജന്മദിനം ആണ് നാം അധ്യാപകദിനമായി ആചരിക്കുന്നത്. ദരിദ്രകുടുംബത്തിലാണ് ഡോ. എസ് രാധാകൃഷ്ണന്റെ ജനനം. പഠനത്തിൽ മികവ് കാട്ടിയ അദ്ദേഹം പഠനത്തിനുശേഷം മദ്രാസ് പ്രസിഡൻസി കോളേജ്, മൈസൂർ യൂണിവേഴ്സിറ്റി കോളേജ്, കൽക്കത്ത യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായി. തുടർന്ന് ആന്ധ്ര യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസലറായി. രാഷ്ട്രപതിയായപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ ആലോചിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. തന്റെ ജന്മദിനം എന്നതിലുപരി ഇന്ത്യയിലെ മുഴുവൻ അധ്യാപകരുടെയും ദിനമാക്കണമെന്ന നിലപാടിലായിരുന്നു അദ്ദേഹം. അങ്ങനെ 1962 മുതൽ സെപ്തംബർ അഞ്ച് അധ്യാപകദിനമായി തീരുമാനിക്കപ്പെട്ടു.
അദ്ധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും, വിദ്യാര്‍ത്ഥികളുടെ പ്രിയ ഗുരുനാഥന്മാരെ പ്രണമിക്കാനുളള സുവര്‍ണ്ണ ദിനമാണ് ഇന്ന് . നമ്മുടെ സംസ്കാരവും ചൈതന്യവും ഗുരുക്കന്മാര്ക്ക് കല്പ്പിച്ചു നല്കിയിട്ടുളള സ്ഥാനവും ഔന്നത്യവും സാമൂഹ്യ നിര്‍മ്മിതിയില്‍ അവര്‍ക്കുളള നിര്‍ണ്ണായക ഉത്തരവാദിത്വവും നാം മനസ്സിലാക്കണം. മൂല്യബോധമുളള ഒരു തലമുറയുടെ രൂപീകരണം വിദ്യാഭ്യാസത്തിലൂടെ സാധ്യമാക്കണം. മൂല്യങ്ങള്‍ പറഞ്ഞു പഠിപ്പിക്കുവാന്‍ സാധിക്കുകയില്ല. അത് അദ്ധ്യാപകരില്‍ നിന്നും കുട്ടികള്‍ സ്വായത്തമാക്കണം. വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുക, വളര്‍ത്തി കൊണ്ട് വരുക, പുതുമ മങ്ങാതെ പഠിപ്പിക്കുക, വഴി കാട്ടിയാകുക ഇതൊക്കെയാണ് അദ്ധ്യാപകന്റെ വലിയ ദൗത്യവും.
അദ്ധ്യാപനം തപസ്യയായി ഏറ്റെടുത്തവര്‍ക്കേ ഈ ബാദ്ധ്യത നിറവേറ്റാന്‍ സാധിക്കുകയുളളൂ. അദ്ധ്യാപകരെ മാതാവിനും, പിതാവിനൊപ്പം സ്നേഹിക്കുകയും ആരാധിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന സംസ്കാരമാണ് നമുക്കുളളത്. ഭാവിലോകത്തിന്റെ ശില്‍പ്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്ന നമ്മുടെ എല്ലാവരുടേയും അദ്ധ്യാപകരെ ഈ ദിനത്തില്‍ ഓര്‍ക്കാം, ബഹുമാനിക്കാം. എല്ലാ വര്‍ഷവും സെപ്റ്റംബര്‍-5 ന് നടക്കുന്ന അദ്ധ്യാപക ദിനാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മികച്ച അദ്ധ്യാപകര്‍ക്കുള്ള പുരസ്കാരവും, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് വിതരണവും മികച്ച പി.ടി.എ ക്കുള്ള പുരസ്കാരങ്ങളും, വിദ്യാരംഗം കലാസാഹിത്യ അവാര്‍ഡും, സംസ്ഥാനതല ടി.ടി.ഐ/പി.പി.ടി.ഐ കലോത്സവ വിജയികള്‍ക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്ത് വരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മികച്ച അദ്ധ്യാപകര്‍ക്കുള്ള പുരസ്കാരങ്ങളും, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡും സെപ്റ്റംബര്‍ 5 ന് നടക്കുന്ന അദ്ധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി വിതരണം നടത്തുവാന്‍ സാധിക്കുന്നില്ല. ഈ പുരസ്കാരങ്ങള്‍ താമസംവിനാ മറ്റൊരു പ്രൗഡഗംഭീരമായ ചടങ്ങില്‍ വച്ച് നല്‍കുന്നതാണ്.അധ്യാപക സംഘടനകളോട് എനിക്ക് ചില കാര്യങ്ങൾ സൂചിപ്പിക്കാൻ ഉണ്ട്. അധ്യാപക സംഘടനകൾ ഇപ്പോൾ അധ്യാപകരുടെ കാര്യം മാത്രമാണ് പറയുന്നത്. കുട്ടികളുടെ ആവശ്യങ്ങൾ കൂടി കണ്ടെത്തി അവ ഉന്നയിക്കാൻ തയ്യാറാകണം.
അതുപോലെ തന്നെ പ്രൊമോഷൻ കാര്യം. പ്രൊമോഷനിൽ സീനിയോരിറ്റി മാത്രം പരിഗണിച്ചാൽ മതിയോ? അതുപോലെ ഗുണനിലവാരം അളക്കാനും മെച്ചപ്പെടുത്താനും സർവകലാശാലാ മാതൃകയിൽ സ്കൂളുകൾക്ക് ഗ്രേഡിങ് കൊണ്ടു വരേണ്ടതല്ലേ?മറ്റൊന്ന് അധ്യാപക പരിശീലനം ആണ്. ആറ് മാസം കൂടുമ്പോൾ എങ്കിലും റെസിഡൻഷ്യൽ പരിശീലനം നടത്തി അധ്യാപകരെ നവീകരിക്കുന്ന പദ്ധതി കൊണ്ടു വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ചർച്ചകൾ ഉയർന്നു വരേണ്ടതുണ്ട്.
ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ സുഗമമാക്കേണ്ടതുണ്ട്. ഒരു സ്കൂളിൽ രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമ്പോഴുള്ള പ്രതിസന്ധികൾ നാം പലപ്പോഴും അനുഭവിച്ചറിയുന്നുണ്ട്. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ എന്നീ മാതൃകയിൽ അധികാര ക്രമീകരണം വേണ്ടതുണ്ട്.അധ്യാപക സംഘടനകളുടെ ആധിക്യം ആണ് മറ്റൊരു കാര്യം. ഒരു യോഗം വിളിക്കണമെങ്കിൽ ഓഡിറ്റോറിയത്തിൽ വിളിക്കേണ്ട സാഹചര്യമാണ്. ഇക്കാര്യം അധ്യാപക സംഘടനകൾ പരിശോധിക്കണം. അധ്യാപക സംഘടനകളുടെ നടപ്പാക്കാത്ത ആവശ്യങ്ങൾ പഠിക്കാൻ ഉപസമിതിയെ നിയോഗിക്കും.
വിദ്യാഭ്യാസ കാര്യത്തിൽ കേരളം രാജ്യത്ത് തന്നെ പ്രഥമ ശ്രേണിയിലാണ്. ഈ നേട്ടം നമ്മുടെ അധ്യാപകരുടെ വിയർപ്പിന്റെ കൂടി ഫലമാണ്. കോവിഡ് കാലത്തും അതിന് മുമ്പുമൊക്കെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നമ്മുടെ അധ്യാപകർ മുന്നിലാണ്. അതൊരു ആത്മ സമർപ്പണമാണ്. ഇനിയും അത്തരം പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നു.പെൻഷൻ പറ്റിയ അധ്യാപകരുടെ സേവനം പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വേണം. താല്പര്യമുള്ള അധ്യാപകരെ ഉൾപ്പെടുത്തി പെൻഷൻ പറ്റിയ അധ്യാപകരുടെ ബാങ്ക് ഉണ്ടാക്കുന്ന കാര്യം പരിഗണനയിൽ ഉണ്ട്.
നമ്മുടെ പാഠ്യപദ്ധതി പരിഷ്കരിക്കുകയാണ്. അതൊരു ശ്രമകരമായ ജോലിയാണ്. ലിംഗ സമത്വം, ലിംഗ നീതി,ലിംഗാവബോധം എന്നിവ മുൻനിർത്തി പാഠപുസ്തകങ്ങൾ ഓഡിറ്റ് ചെയ്യപ്പെടും. ജനാധിപത്യ,മതേതര, ഭരണഘടനാ മൂല്യങ്ങൾ ഉൾചേർക്കപ്പെടും. ശാസ്ത്രീയ ചിന്തയെ പ്രോത്സാഹിപ്പിക്കും. ആധുനിക കാലഘട്ടത്തിനനുസരിച്ചുള്ള പഠന വിഷയങ്ങൾ ആയിരിക്കും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുക. ഇതിനൊക്കെ അധ്യാപകരുടെ അകമഴിഞ്ഞ പിന്തുണ വേണം .ആ പിന്തുണ ഞാൻ അഭ്യർത്ഥിക്കുകയാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ധാരയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ഈ അധ്യാപക ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.