കേരളത്തിൻറെ പിറന്നാൾ ദിനത്തിൽ വിദ്യാലയങ്ങൾ അണിഞ്ഞൊരുങ്ങി
തിരുവനന്തപുരം : ഒന്നാം ക്ളാസുകാരും രണ്ടാം ക്ളാസുകാരും ഒരുമിച്ച് പ്രവേശനോത്സവത്തിൽ പങ്കെടുത്ത് തങ്ങളുടെ വിദ്യാലയവും ക്ലാസ് മുറിയും ആദ്യമായികണ്ട അനുഭവം ചരിത്രരേഖപ്പെടുത്തലായി. തങ്ങളെ വരവേറ്റവരിൽ മുഖം പാതി മറച്ച മുതിർന്നവരെ കണ്ടു ചിലരെങ്കിലും അമ്പരപ്പിലായിരുന്നു. പ്രവേശന കവാടങ്ങളിൽ നിന്ന് തന്നെ സാനിറ്റൈസർ കൈയിൽ പുരട്ടിയും താപ പരിശോധന നടത്തിയുമാണ് മുറ്റത്തേക്കെത്തിയത്. അവിടെ കൈ നിറയെ സമ്മാനപൊതികളും പഠനോപകരണങ്ങളുമായി അധ്യാപകർ കാത്തുനിൽപ്പുണ്ടായിരുന്നു. ആദ്യ ദിനം തന്നെ 80 ശതമാനം കുട്ടികളും സ്കൂളിലെത്തിയിരുന്നു. 1208290 കുട്ടികളാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേർന്നത്. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ 144531 അധ്യാപകരും ഹാജരായി. ബഞ്ചുകളിൽ രണ്ടു പേർ മാത്രമാണ് മിക്കയിടത്തും ഇരുന്നിരുന്നത്. ഒരു ക്ലാസിൽ 20 ൽ താഴെ കുട്ടികളെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളൂ. കൂടുതൽ കുട്ടികൾ ഉള്ളിടത്തു ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.