സമഗ്ര ശിക്ഷ കേരളയുടെ പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും
എറണാകുളം(ആലുവ) - സമഗ്ര ശിക്ഷ കേരളം പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി വരുന്ന വിവിധപദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കൂട്ടായ ശ്രമം ഉണ്ടാകണമെന്ന് സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ ഡോ.എ.പി കുട്ടികൃഷ്ണൻ പറഞ്ഞു. സംസ്ഥാനതല അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർശ്വവല്കൃത മേഖലയിലെയും , ആദിവാസി - ഗോത്രമേഖലയിലെയും, പ്രത്യേക പരിഗണന ലഭിക്കേണ്ട CWSN കുട്ടികളുടെയും അക്കാദമിക പുരോഗതി ലക്ഷ്യമിടുന്ന പരിപാടികൾക്കാണ് പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ - ബിആർസി തലങ്ങളിൽ തനതായി നടപ്പിലാക്കുന്ന പരിപാടികളിലും കാര്യക്ഷമത, സമയക്രമം എന്നിവ പാലിക്കേണ്ടതുണ്ടെന്നു ഡയറക്ടർ പറഞ്ഞു. ദ്വിദിന സംസ്ഥാനതല അവലോകന ശില്പശാല ആലുവ എടത്തല ശാന്തിഗിരി ആശ്രമം സെൻറെറിലാണ് നടന്നത്. അഡീഷണൽ ഡയറക്ടർമാരായ ആർഎസ് ഷിബു , കെ എസ് ശ്രീകല തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന പ്രോഗ്രാം ഓഫീസർമാർ, സ്റ്റേറ്റ് പ്രൊജക്റ്റ് എഞ്ചിനീയർ, ജില്ലാ പ്രൊജക്റ്റ് കോഓർഡിനേറ്റേഴ്സ്, തുടങ്ങിയവർ പങ്കെടുത്തു. വിവിധ സെഷനുകളിലായി പദ്ധതി നിർവഹണ ചർച്ചകൾ നടന്നു. വരും മാസങ്ങളിൽ പൂർത്തിയാക്കേണ്ട പരിപാടികൾ സംബന്ധിച്ച പദ്ധതി രൂപ രേഖയും ശില്പശാലയിൽ തയാറാക്കി .