പൊതുവിദ്യാലയങ്ങളിൽ കഥോത്സവത്തിന് ശേഷം വരയുത്സവം; മന്ത്രി. വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു
കോട്ടയം - പ്രീ- പ്രൈമറി തലത്തിൽ കുട്ടികളുടെ വികാസ ശേഷികൾ ശക്തിപ്പെടുത്തി ബഹുമുഖ ബുദ്ധി മേഖലകളിലേക്ക് അവരെ സ്വാഭാവികമായി നയിക്കുന്ന പ്രവർത്തനങ്ങളുടെ പരമ്പരയിൽ രണ്ടാമത്തെ ഉത്സവമായ വരയുത്സവത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. എല്ലാ കുട്ടികൾക്കും വരയ്ക്കാനുള്ള ശേഷിയുണ്ട്. ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന അറിവും അനുഭവവും ധാരണയും അവരെ ഭാവനയിലേക്ക് നയിക്കും. ഇത് വരകളിലൂടെ പ്രകടമാക്കുന്നതിനും അവരെ സഹായിക്കും. വര എന്നത് കുട്ടികളിലെ ശേഷി വികാസത്തിനുള്ള തന്ത്രമായി മാറുന്നതും ഇതുകൊണ്ടാണ്. നമ്മുടെ പൊതുവിദ്യാലയങ്ങളിലെ പ്രീ -പ്രീമറികളിൽ ഒരുക്കിയിട്ടുള്ള ഭാഷായിടം, വരയിടം, പ്രകടനയിടം, എന്നിവ കൂട്ടിയിണക്കി മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്
വരയുത്സവത്തിലൂടെ കഴിയുമെന്ന് പ്രത്യാശിക്കുന്നു എന്നും, കുട്ടികളോടൊപ്പം ചിത്രങ്ങൾ വരച്ചും കളിചിരികളുമായി മന്ത്രി സന്തോഷം പങ്കിട്ടു. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിലാകെ ഈ ആഴ്ച മുതൽ ആരംഭിക്കുന്ന വരയുത്സവത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും മന്ത്രി പറഞ്ഞു. യോഗത്തിൽ ഗവ.ചീഫ് വിപ്പ് ഡോ .എൻ. ജയരാജ് അധ്യക്ഷനായി. സമഗ്ര ശിക്ഷ കേരളം സംസ്ഥാന പ്രോഗ്രാം ഓഫീസർ അമുൽ റോയി ആർ പി , ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.ജെ പ്രസാദ്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രി. മുകേഷ് മണി, കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാ ബീഗം, ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേം സാഗർ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി അംഗം വത്സലകുമാരി കുഞ്ഞമ്മ, ഗ്രാമപഞ്ചായത്തംഗം ജോയ്സ് എം ജോൺസൺ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ബിനു ഏബ്രഹാം, ആശാ ജോർജ്ജ്, ബി.പി.സി. സുനിത. കെ എ, എച്ച്.എം ഫോറം സെക്രട്ടറി സതീഷ്കുമാർ,എസ് എസ് കെ പ്രതിനിധികൾ, സ്കൂൾ പ്രഥമാധ്യാപകർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു.