'സ്പീക്കറുമായും പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രിയുമായും കുട്ടിചരിത്ര രചയിതാക്കള്‍ സംവദിച്ചു'..
തിരുവനന്തപുരം : പ്രാദേശിക ചരിത്രരചന സംസ്ഥാനതല മത്സരത്തില്‍ വിജയികളായ കുട്ടികളുമായി നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷും, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും സംവദിച്ചു. പഠനകാലത്ത് തങ്ങളുടെ ദേശത്തെക്കുറിച്ചുള്ള ആധികാരികമായ ചരിത്രം തയാറാക്കാന്‍ മുന്നിട്ടിറങ്ങി വിജയികളായവരെ സ്പീക്കര്‍ അനുമോദിച്ചു. വികലമായ ചരിത്ര നിര്‍മ്മിതിക്കെതിരെ പുതിയ തലമുറ അതീവ ജാഗ്രത പുലര്‍ത്തേണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനതല വിജയികളായവരെ അദ്ദേഹം അനുമോദിച്ചു. മികച്ച ചരിത്രകാരന്മാരായും ചരിത്രകാരികളുമായും മാറാന്‍ കുട്ടികള്‍ക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.നിയമസഭാ ബങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍നായര്‍ ഭരണഘടനയുമായി ബന്ധപ്പെടുത്തി കുട്ടികളുമായി സംസാരിച്ചു. സമഗ്രശിക്ഷാ കേരളം ഡയറക്ടര്‍ ഡോ.എ.പി.കുട്ടികൃഷ്ണന് സ്വാഗതമാശംസിച്ചു. സംസ്ഥാനത്തെ പതിനാല് ജില്ലയില്‍ നിന്നുള്ള പൊതുവിദ്യാലയങ്ങളിലെ വിജയികളായ മുപ്പത്തിനാല് കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമാണ് ചടങ്ങില്‍ സംബദ്ധിച്ചത്. പ്രാദേശിക ചരിത്ര നിര്മിതക്കായി മത്സരത്തില്‍ പങ്കെടുത്ത് വിജയികളായ കുട്ടികളുടെ ചരിത്രവും നിയമവും കലര്‍ന്ന സംശയങ്ങള്‍ക്ക് സ്പീക്കര്‍ എം.ബി.രാജേഷ് രസകരമായി തന്നെ മറുപടി പറഞ്ഞു. എസ്.സി.ഇ.ആര്.ടി. ഡയറക്ടര്‍ ഡോ.ജയപ്രകാശ്.ആര്.കെ., അഡീഷണല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.സന്തോഷ് , പ്രോഗ്രാം ഓഫീസര്‍ എ.കെ.സുരേഷ്കുമാര്‍, നിയമസഭാ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.