ഹാൻറ് വാഷ് നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു
തിരുവനന്തപുരം : ശാസ്ത്രരംഗം സമിതിയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിലേക്ക് ഹാന്റ് വാഷ് തയാറാക്കി നൽകുന്ന പ്രവർത്തനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അസംസ്കൃത വസ്തുക്കളുപയോഗിച്ച് ശാസ്ത്രീയരീതിയിൽ വിദ്യാർത്ഥികൾ തന്നെയാണ് ഹാന്റ് വാഷ് നിർമ്മിച്ചത്. ഗുണനിലവാരമുള്ള ഇതിന് ചെലവ് വളരെ കുറവാണ്. സ്കൂളുകൾ തുറക്കുന്ന അവസരത്തിൽ ഈ പ്രവർത്തനത്തിന്റെ സാമൂഹ്യപ്രസക്തി ഏറെ വലുതാണ്. വിദ്യാർത്ഥികളിൽ സാമൂഹ്യചിന്തയും ശാസ്ത്രീയമനോഭാവവും വളർത്താൻ ഇതുപകരിക്കും. പട്ടം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളായ കുമാരി. വിസ്മയ. വി, കുമാരി. നിള.വി. എന്നിവർ സ്വന്തമായി തയാറാക്കിയ ഹാന്റ് വാഷ് മന്ത്രിയ്ക്ക് കൈമാറി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു.കെ. ഐ.എ.എസ്, ഹയർ സെക്കണ്ടറി വിഭാഗം ജോയിന്റ് ഡയറക്ടർ സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. ശാസ്ത്രരംഗം സംസ്ഥാന കോർഡിനേറ്റർ ടി.കെ.എ. ഷാഫി സ്വാഗതവും തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ. . മെഹബൂബ്.എം.കെ. നന്ദിയും പറഞ്ഞ യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ അനിതകുമാരി.പി., ഹെഡ്മിസ്ട്രസ് നസീമാബീവി.പി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ ജവാദ്, വിനയർ. വി.എസ്. , ലീലാവതി.കെ.സി എന്നിവർ പങ്കെടുത്തു.