അശാന്തി പടരുന്ന മണിപ്പൂരിൽ നിന്ന് പലായനം ചെയ്ത് നന്മകൾ പൂക്കുന്ന കേരളത്തിലെ പൊതുവിദ്യാലയത്തിലേക്ക് കൂടണഞ്ഞ ഏഴു വയസുകാരി ' ജെജെം' തൈക്കാട് ഗവ. എച്ച് എസ് എൽപി എസ് ലെ മിന്നും താരം..
തിരുവനന്തപുരം : രണ്ടാം ക്ലാസുകാരി ജേജം ഇന്ന് തൈക്കാട് ഗവ. മോഡൽ എച്ച് എസ് എൽപി സ്കൂളിലെ മിന്നും താരമാണ്. കഴിഞ്ഞ ബുധനാഴ്ച മുതൽ സ്കൂൾ അന്തരീക്ഷത്തിൽ സന്തോഷവതിയാണ് ജേജം. മണിപ്പൂരിലെ അതിർത്തി ജില്ലയായ കാങ്പോക്ക് ഗ്രാമക്കാരിയാണ് ജേജം എന്നു വിളിപ്പേരുള്ള ഹോയ് നെജം വായ്പേയ്. കർഷകനായ മാംഗ്ദോയ് - അച്ചോയ് ദമ്പതിമാരുടെ രണ്ടാമതി മകളാണ്. മെയ്തി വിഭാഗക്കാർ കൂടുതലുള്ള മേഖലയാണ് കാങ് പോക്പി. മണിപ്പൂരിൽ കത്തിപ്പടരുന്ന സംഘർഷത്തിനിടെ ഇവരുടെ വീടിനും അക്രമികൾ തീയിട്ടു. കഴിഞ്ഞമാസം ഉണ്ടായ സംഘർഷത്തിനിടെ പ്രാണരക്ഷാർത്ഥം മാംഗ്ദോയ് മക്കളെ കൂട്ടി ഒളിച്ചോടി കേരളത്തിൽ താമസിക്കുന്ന ബന്ധുക്കളുടെ അടുത്തെത്തി . അങ്ങനെ സിങ്ദ കദാങ്ബന്ദ് റോഡ് സ്കൂളിലെ വിദ്യാർഥിനിയായിരുന്ന ജേജെമിന്റെ പഠനവും മുടങ്ങി. ഇതേ ഗ്രാമക്കാരനും തിരുവനന്തപുരം ആദായ നികുതി വകുപ്പിൽ ഉദ്യോഗസ്ഥനുമായ ലുംബി ചാങ് സംഘർഷത്തിന്റെ വിവരമറിഞ്ഞ് ജെജേമിനെ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ബന്ധു കൂടിയായ മാംഗ്ദോയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ ലുംബി ചാങ് പഠിക്കാൻ മിടുക്കിയായ ജേജെമിന്റെ രക്ഷാകർത്തൃത്വം ഏറ്റെടുത്തു. തന്റെ വീടും കലാപത്തിൽ കത്തിയമർന്നതായും മാംഗ്ദോയുടെ ദുഃഖം തനിക്കു മനസ്സിലാകുമെന്നും ലുംബി ചാങ് പറയുന്നു. ജെജേമ്മിനെ വെള്ളിയാഴ്ച കേരളത്തിൽ എത്തിച്ചു. രണ്ടാം ക്ലാസിൽ ചേർത്ത് പഠിപ്പിക്കാൻ തൈക്കാട് മോഡൽ ഗവ എൽ പി സ്കൂൾ സന്നദ്ധരായി . തൈക്കാട് സ്കൂളിലെ രണ്ടാം ക്ലാസിൽ പഠനം തുടങ്ങി .സ്വന്തം വീട് കത്തിയമർന്ന കലാപം നേരിട്ടു കണ്ടതിന്റെ നടുക്കം മാറിയിട്ടില്ല കുഞ്ഞ് ജേജെമ്മിൽ. വീടിനെയും ഗ്രാമത്തെയും കുറിച്ച് ആര് ചോദിച്ചാലും കണ്ണിൽ പേടി നിറയും. എന്നാൽ സ്കൂളിലെ ആദ്യദിനം തന്നെ അവളെ കൂട്ടുകാരും അധ്യാപകരും ചേർത്തുപിടിച്ചതോടെ ആധി മാറി ദിവസങ്ങൾക്ക് ശേഷം പുഞ്ചിരിച്ചു . കേരളത്തിന്റെ അതിഥിയായ അവൾക്ക് മുൻനിരയിലെ ബെഞ്ചിൽ തന്നെ ഇരിപ്പിടവും കിട്ടി.