ഓട്ടിസം സെന്ററിന് കൈത്താങ്ങ്
തിരുവനന്തപുരം(യു ആർ സി നോർത്ത് ): സമഗ്ര ശിക്ഷാ കേരളം നോർത്ത് യു ആർ സിയുടെ ഓട്ടിസം സെന്ററിലേക്കുള്ള കനറാ ബാങ്കിന്റെ ഉപകരണ വിതരണോദ്ഘാടനം വട്ടിയൂർക്കാവ് എം.എൽ.എ. അഡ്വ. വി.കെ പ്രശാന്ത് നിർവഹിച്ചു. ശാരീരിക മാനസിക വെല്ലുവിളികൾ അനുഭവിക്കുന്ന ഇത്തരം കുട്ടികൾക്ക് കനറാ ബാങ്കിന്റെ ഈ കൈത്താങ്ങ് വളരെ മഹനീയമാണെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു.ഓട്ടിസം കേന്ദ്രത്തിലേക്ക് നാല് ലാപ്ടോപ്പുകൾ, നാല് ഫാനുകൾ, ഒരു പ്രിൻറർ എന്നിവ ഡി. ജി.എം. കനറാ ബാങ്ക് എസ്. ശരവണൻ കുട്ടികൾക്ക് കൈമാറി. ഓട്ടിസം സ്പെക്ട്രം ഡിസോഡർ ഉള്ള കുട്ടികൾക്ക് പ്രത്യേകമായ തെറാപ്പി സേവനങ്ങളും മറ്റ് അക്കാദമിക പിന്തുണയും ഓട്ടിസം കേന്ദ്രത്തിൽ നൽകിവരുന്നു. ഇത്തരം കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഓട്ടിസം കേന്ദ്രത്തിലേക്ക് വിതരണം ചെയ്ത ഉപകരണങ്ങൾ അവർക്ക് ഉപകാരപ്പെടുമെന്നതിൽ സംശയമില്ലെന്നും കാനറാ ബാങ്ക് പേട്ട ബ്രാഞ്ച് മാനേജർ രാജേശ്വരി ആശംസ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. ഓട്ടിസം കേന്ദ്രത്തിൽ വരുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ചേർന്നു തയ്യാറാക്കിയ പച്ചക്കറി തോട്ടം, അവർക്ക് തെറാപ്പി സേവനങ്ങൾ നൽകി വരുന്ന ഇടങ്ങളും അതിനുപയോഗിക്കുന്ന ഉപകരണങ്ങളും കാനറ ബാങ്ക് പ്രതിനിധികൾ നേരിട്ട് കണ്ടു മനസിലാക്കുകയും ചെയ്തു.സമൂഹത്തിൽ ശാരീരിക മാനസിക വെല്ലുവിളികൾ അനുഭവിക്കുന്ന കുട്ടികൾ എന്നും പൊതുസമൂഹത്തിന്റെ കൈത്താങ്ങിന് അർഹരാണ്. അവരുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് അവരെ പ്രത്യേകം പരിഗണിക്കേണ്ടത് നാം ഓരോരുത്തരുടെയും ചുമതലയാണ്. പേട്ട വാർഡ് കൗൺസിലർ സി.എസ്. സുജാദേവി അധ്യക്ഷത വഹിച്ച യോഗത്തിൽ നോർത്ത് യു.ആർ.സി. ബി.പി. സി. അനൂപ് ആർ. സ്വാഗതം ആശംസിക്കുകയും സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എസ്.ജവാദ്, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ബി. ശ്രീകുമാരൻ, കാനറാ ബാങ്ക് പ്രതിനിധികളായ എസ്.ശരവണൻ, രാജേശ്വരി എന്നിവർ ആശംസയും നോർത്ത് യു.ആർ. സി. ട്രെയിനർ ഇ. ഇസ്മായിൽ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.