പ്രവർത്തി പരിചയ മേള; പരിമിതികളെ അതിജീവിച്ച് നന്ദന ഒന്നാം സ്ഥാനം നേടി .
പത്തനംതിട്ട (കോഴഞ്ചേരി ഉപജില്ല): പ്രവർത്തി പരിചയമേളയിൽ ഇക്കണോമിക് ന്യൂട്രീഷൻ ഫുഡ് ഐറ്റംസ് ആൻഡ് വെജിറ്റബിൾ ഫ്രൂട്ട് പ്രിസർവേഷൻ ഐറ്റം നിർമ്മാണത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാരങ്ങാനം ഗവൺമെൻറ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ നന്ദന ഒന്നാം സ്ഥാനത്തിന് അർഹയായി. ജന്മനാ അരയ്ക്കു താഴെ തളർന്ന് ചലനശേഷി നഷ്ടപ്പെട്ട നന്ദന ഗൃഹാധിഷ്ഠിത വിദ്യാഭ്യാസമാണ് നടത്തുന്നത്. പഠനത്തിലും മിടുക്കിയായ ഈ പെൺകുട്ടി പാചകത്തോടൊപ്പം സീഡ് പെന്‍, എൻവലപ്പ്, പേപ്പർഫയൽ, എന്നിവയുടെ നിർമ്മാണത്തിലും ഏർപ്പെടുന്നുണ്ട്. പ്ലാവില തോരൻ, ചേന മീൻ കറി, വൈറ്റ് സോസ്, ചെമ്പരത്തിപ്പൂവ് ജ്യൂസ്, ഫ്രൈഡ് റൈസ്, കപ്പ പുഴുങ്ങിയത് കാന്താരി ചമ്മന്തി, ഫ്രൂട്ട് സലാഡ്, വെജിറ്റബിൾ സലാഡ്, സംഭാരം, ക്യാരറ്റ് പുട്ട് തുടങ്ങി പതിനൊന്നിലധികം ഭക്ഷ്യവിഭവങ്ങൾ രണ്ടുമണിക്കൂർ നേരം കൊണ്ട് പാചകം ചെയ്താണ് ഒന്നാം സ്ഥാനം നേടിയത്. നന്ദനയുടെ പഠന- പഠനേതര പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയും സഹായവും നൽകുന്നത് ജി.എച്ച്.എസ്. നാരങ്ങാനത്ത് സേവനമനുഷ്ഠിക്കുന്ന കോഴഞ്ചേരി ബി.ആർ.സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ പ്രിയ.പി നായരാണ്. നാരങ്ങാനം ചാന്ദ്രത്തിൽപ്പടി കുറിയനേത്ത് വീട്ടിൽ ഓട്ടോ ഡ്രൈവറായ മനോജിന്റേയും ശ്രീവിദ്യയുടെയും മകളാണ്. ഹൃദ്രോഗബാധയെ തുടര്‍ന്ന് വീട്ടിൽ വിശ്രമിക്കുന്ന മനോജ് ജീവിത പ്രാരാബ്ദങ്ങൾക്ക് നടുവിലും എല്ലാ പിന്തുണയുമായി മകൾക്കൊപ്പമുണ്ട്. നാരങ്ങാനം ജി.എച്ച.എസില്‍ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കീര്‍ത്തന ഏക സഹോദരിയാണ്.