വയൽ കാറ്റേറ്റ്.. കറ്റമെയ്ത്.. കുത്തരി പായസം നുകർന്ന് കുരുന്നുകൾ..
കൊല്ലം (ബിആർസി കൊല്ലം) : കൃഷിപ്പാടങ്ങൾ നേരിട്ടറിയാൻ ക്ലാസ് മുറി വിട്ട് കുട്ടികൾ കൊയ്ത്തുത്സവത്തിന് ഇറങ്ങി. കൊല്ലം ബിആർസി പരിധിയിലെ വാളത്തുങ്കൽ ഗവ എൽ പി സ്കൂളിലെ കുരുന്നുകൾ കാരിക്കുഴി ഏലായിൽ വിളഞ്ഞു നിന്നിരുന്ന നെൽക്കതിരുകൾ കൊയ്യുവാൻ അധ്യാപകർക്കൊപ്പം പാടത്തെത്തി. കൊയ്ത്തിനുശേഷം നെൽക്കതിരുകൾ നെല്ലിൽ നിന്ന് വേർപ്പെടുത്താനും നെല്ല് അരിയാക്കുന്നതിനെ കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തി. പുതിയ കുത്തരി ഉപയോഗിച്ച് പായസം ഉണ്ടാക്കി കുട്ടികൾക്ക് നൽകുകയും ചെയ്തു. ജൈവകൃഷി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതകളെ കുറിച്ചും സ്വന്തമായി കൃഷി ചെയ്യുന്നതിന്റെ ഗുണഗണങ്ങളെക്കുറിച്ചും പ്രഥമധ്യാപകൻ പി ആന്റണി കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു . കൊയ്ത്തുത്സവത്തിൽ കൊയ്ത്തുപാട്ടും മുതിർന്ന കർഷകന്റെ അനുഭവ പാടങ്ങളും കർഷക വേഷത്തിലെത്തിയ കുരുന്നുകളും വേറിട്ട അനുഭവമായി.