ജീവൻ തിരിച്ചുപിടിച്ചു ;താരങ്ങളായി കൊച്ചു മിടുക്കന്മാർ.
കൊല്ലം (ബി ആർ സി കരുനാഗപ്പള്ളി) :വീടിനു സമീപത്തെ കുളത്തിൽ കാൽ വഴുതി വീണ രണ്ടര വയസുകാരിയെ രക്ഷപെടുത്തി നാട്ടിലെ താരങ്ങളായി മാറിയിരിക്കുകയാണ് ഇരട്ട സഹോദരങ്ങളായ സിയാനും സിനാനും. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പൊന്നാച്ചി എന്ന കുട്ടി സമീപത്തെ പായൽ നിറഞ്ഞ കുളത്തിൽ കാൽ വഴുതി വീഴുന്നത് കണ്ട സിയാനും സിനാനും കുട്ടിയുടെ കൈകളിൽ പിടിച്ച് കരയിലേക്ക് വലിച്ചു കയറ്റി. കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ പെട്ടെന്നുതന്നെ പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി.
ഓച്ചിറ മേമന ഗവൺമെന്റ് മുസ്ലിം എൽപി സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥികളായ ഈ ധീരന്മാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് പെൺകുട്ടിയുടെ ജീവൻ രക്ഷിക്കുവാനായത്. ഈ കുരുന്നു ധീരന്മാരെ പഞ്ചായത്ത് അംഗങ്ങളും സ്കൂൾ അധ്യാപകരും ചേർന്ന് ആദരിച്ചു.