പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിൽ ഹലോ ഇംഗ്ലീഷ് തീയേറ്റർ ക്യാമ്പ്
ആലപ്പുഴ : കായംകുളം ബിആർസിയുടെ നേതൃത്വത്തിൽ സബ് ജില്ലയിലെ ഏഴു പഞ്ചായത്തുകളിലുമായി പ്രവർത്തിക്കുന്ന പ്രതിഭാ കേന്ദ്രങ്ങളിലെ കുട്ടികൾക്കായി ഹലോ ഇംഗ്ലീഷ് തിയേറ്റർ ക്യാമ്പ് സംഘടിപ്പിച്ചു. പ്രതിഭാ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിയറ്റർ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികൾക്ക് രസകരമായ കളികൾ,പാട്ടുകൾ, രംഗാവിഷ്കാരങ്ങൾ എന്നിവയിലൂടെ ഇംഗ്ലീഷ് ഭാഷാപ്രയുക്തി കൈവരിക്കാൻ പ്രാപ്തമായ ഒരു കൂട്ടം പ്രവർത്തനങ്ങളാണ് തിയേറ്റർ ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാഷ കേൾക്കുന്നതിലൂടെ മാത്രമേ സ്വായക്തമാക്കാൻ കഴിയൂ എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയിലെ കുട്ടികളുടെ ഇംഗ്ലീഷ് നിലവാരം മെച്ചപ്പെടുത്താൻ വേണ്ടിയുള്ള പഠന പരിപോഷണ പരിപാടിയായിരുന്നു ഹലോ ഇംഗ്ലീഷ്. ഇതിന്റെ ഭാഗമായി നടത്തിയ അഭിനയ ആവിഷ്കാര മൊഡ്യൂൾ ആണ് തിയേറ്റർ ക്യാമ്പിലുള്ളത്. സമൂഹത്തിലെ പിന്തുണ ആവശ്യമുള്ള വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി സമഗ്ര ശിക്ഷ കേരളം നടപ്പാക്കിയ പിന്തുണാ സംവിധാനമാണ് പ്രതിഭാ കേന്ദ്രങ്ങൾ. സംസ്ഥാനം ഒട്ടാകെ അനവധി പ്രതിഭാ കേന്ദ്രങ്ങൾ പ്രവർത്തിച്ചുവരുന്നു. കലാകായിക പ്രവർത്തനങ്ങളും അക്കാദമിക പ്രവർത്തനങ്ങളും ഒത്തുചേർന്ന പാക്കേജ് ആണ് പ്രതിഭാ കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പ്രതിഭാ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന കുട്ടികളുടെ അക്കാദമിക പിന്തുണയ്ക്കുവേണ്ടി ഒട്ടനവധി പ്രവർത്തനങ്ങൾ കായംകുളം ബി ആർ സി ഏറ്റെടുത്ത് നടപ്പാക്കി വരുന്നു. കായംകുളം ബിപിസി ദീപ എസ് ഉൾപ്പെടുന്ന 5 അംഗ ടീമാണ് പ്രതിഭാ കേന്ദ്രങ്ങളിലെ കുട്ടികൾക്കായി ക്ലാസുകൾ നയിച്ചത്. ഒപ്പം തന്നെ പ്രതിഭാ കേന്ദ്രങ്ങളിലെ എഡ്യൂക്കേഷണൽ വാളണ്ടിയർമാർക്കായി ഹലോ ഇംഗ്ലീഷ് സ്ട്രാറ്റജികളുടെ പരിശീലനവും നടന്നു. മൂന്ന് ഘട്ടങ്ങളിലായാണ് തീയേറ്റർ ക്യാമ്പ് നടന്നത്. ഒന്നാംഘട്ടം കായംകുളം,ദേവികുളങ്ങര പഞ്ചായത്തിലെ കുട്ടികൾക്കായിരുന്നുക്യാമ്പ്.ഈ ക്യാമ്പിൽ 30 കുട്ടികളാണ് പങ്കെടുത്തത്. രണ്ടാംഘട്ടത്തിൽ കണ്ടല്ലൂർ പഞ്ചായത്തിലെപ്രതിഭാ കേന്ദ്രമായിരുന്നു.ഇവിടെ 50 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. മൂന്നാംഘട്ടം വള്ളികുന്നം, ഭരണിക്കാവ്,കൃഷ്ണപുരം എന്നീ പഞ്ചായത്തുകളിലെ പ്രതിഭാ കേന്ദ്രങ്ങളിലെ കുട്ടികൾക്കായിരുന്നു. ഇവിടെ 45 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. കൃത്യമായ ആക്ടിവിറ്റി പാക്കേജിലൂടെ നടന്ന തിയേറ്റർ ക്യാമ്പ് മികച്ച അനുഭവമായിരുന്നു എന്ന് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു.