ഭിന്നശേഷി കുട്ടികൾക്കായി സഹവാസ ക്യാമ്പും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു
കൊല്ലം(ബി.ആർ.സി കുളക്കട) :- കുളക്കട ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ശേഷി കുട്ടികൾക്കായി സഹവാസ ക്യാമ്പും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു. കുളക്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹരികൃഷ്ണൻ ആർ. എസ് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാസ്റ്റർ വിഘ്നേശ്വർ ( ജി എൽ പി എസ് കുളക്കട ) ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റവ: ഫാ: എബി രാജു ക്രിസ്മസ് സന്ദേശം പകർന്നു .മുപ്പത് കുട്ടികളും, രക്ഷിതാക്കളും പങ്കാളികളായി. കൂട്ടപ്പാട്ടിലൂടെ ആരംഭിച്ച ഒന്നാം ദിന പ്രവർത്തനങ്ങൾ ഹാപ്പി ഡ്രിങ്ക്സ് , കരവിരുത് , കളിക്കൂട്ടം, തീയറ്റർ മ്യൂസിക്, തുടങ്ങി വിവിധ സെഷനുകളിലൂടെ കടന്നു പോയി. അബു പാലാഴി നയിച്ച കലാസന്ധ്യയിൽ നാടൻ പാട്ടിനൊപ്പം കുട്ടികളുടെ കലാ പ്രകടനങ്ങളും അരങ്ങേറി. ശാസ്ത്ര സാഹിത്യപരിഷത് കൊല്ലം ജില്ലാ കോർഡിനേറ്ററായ അജി രാജൻ പിള്ളയുടെ നേതൃത്വത്തിൽ നടന്ന വാനനിരീക്ഷണവും അനു ബന്ധ ചർച്ചകളും കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു. രണ്ടാം ദിവസം പ്രഭാത നടത്തത്തോടെ ആരംഭിച്ചു. എയ്റോബിക്സ് , പച്ചക്കറിത്തോട്ട നിർമ്മാണം, സ്കിറ്റ്അവതരണം, സാമൂഹ്യ ഉൾച്ചേർക്കലിന്റെ ഭാഗമായിചർച്ചകൾ, ഗ്രൂപ്പുതല അവതരണങ്ങൾ എന്നിവ നടന്നു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി
ക്രിസ്മസ് ട്രീ , കേക്ക്, സമ്മാനങ്ങൾ ഇവയും കുട്ടികൾക്കായി ഒരുക്കിയിരുന്നു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തംഗം എൻ. മോഹനന്റെ അധ്യക്ഷതയിൽച്ചേർന്ന സമാപനസമ്മേളനത്തിൽ പട്ടാഴി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയിൻ ജോയി എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു.