'സമഗ്ര ശിക്ഷ കേരളയുടെ 2022-23 അക്കാദമിക വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം' മന്ത്രി. വി. ശിവൻകുട്ടി
തിരുവനന്തപുരം : സമഗ്ര ശിക്ഷാ കേരളം സംസ്ഥാന കാര്യാലയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നേരിട്ട് എത്തി അക്കാദമിക - ഭരണനിർവഹണ പ്രവർത്തനങ്ങൾ വിലയിരുത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കേന്ദ്ര-സംസ്ഥാന പദ്ധതിയായി പ്രവർത്തിച്ചുവരുന്ന സമഗ്ര ശിക്ഷ കേരളം നിരവധി മികച്ച പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത് . പൊതുവിദ്യാലയങ്ങളും വിദ്യാർത്ഥികളും ശാക്തീകരിക്കപ്പെടുന്നതിനും ഭിന്നശേഷി കുട്ടികൾ ,അവരുടെ രക്ഷിതാക്കൾ എന്നിവരെയടക്കം ചേർത്തുനിർത്തുന്നതിനും കഴിയുന്ന സവിശേഷ പദ്ധതിയായ സമഗ്ര ശിക്ഷ കേരളത്തിന് വിദ്യാഭ്യാസ മേഖലയിലെ എല്ലാ തലങ്ങളിലും കൂടുതൽ മെച്ചപ്പെടലുകൾ ഉണ്ടാകണമെന്നും മന്ത്രി നിർദ്ദേശിച്ചു . അക്കാദമിക പിന്തുണ, ഭരണനിർവഹണം ,സാമ്പത്തിക വിനിയോഗം തുടങ്ങിയവയിൽ നിദാന്ത ജാഗ്രത പുലർത്തണമെന്നും ജീവനക്കാരോട് മന്ത്രി പറഞ്ഞു . പാർശ്വവൽകൃത സമൂഹം, ഗോത്ര മേഖല തുടങ്ങി സമൂഹത്തിലെ സവിശേഷതകൾ ഉള്ള ഏവരെയും മുഖ്യധാരയിൽ എത്തിക്കുന്നതിനുള്ള സമഗ്ര ശിക്ഷ നടപ്പിലാക്കി വരുന്ന കർമ്മ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഫയൽ അദാലത്തുകൾ നടത്തി തീർപ്പ് കൽപ്പിക്കേണ്ടതിന് ഉത്തരവാദിത്തപ്പെട്ടവർ നിർദേശം നൽകണം. ഭരണനിർവഹണം കൂടുതൽ ഫലപ്രദമായും വേഗത്തിലും നടത്തുന്നതിനുള്ള ഇടപെടലുകൾ സംസ്ഥാന ,ജില്ലാ , ബി ആർ സി , സി ആർ സി തലങ്ങളിൽ നടപ്പിലാക്കണമെന്നും മന്ത്രി നിർദേശിച്ചു . സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ ആർ യോഗത്തിന് അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരളയുടെ എല്ലാ തലത്തിലേയും ജീവനക്കാർ സന്നിഹിതരായി . അഡീഷണൽ ഡയറക്ടർ ഷിബു ആർ എസ് യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തി.