'ഒന്നു കാണാൻ' .. ഗൃഹസന്ദർശനം ശ്രദ്ധേയമാകുന്നു..
തിരുവനന്തപുരം(കണിയാപുരം)- കോവിഡ് കാരണം വീടുകളിൽ ഒതുങ്ങിപ്പോയ കുട്ടികളിൽ ഏറ്റവും അധികം വിഷമം അനുഭവിക്കുന്ന ഒരു വിഭാഗമാണ് CWSN കുഞ്ഞുങ്ങൾ. അസുഖം വരാൻ സാധ്യത കൂടുതലെന്ന കാരണത്താൽ പുറം ലോകം നിഷേധിക്കപ്പെട്ടവർ. സ്കൂളുകളിൽ പോകുമ്പോൾ കാണുന്നതാണ് അവരുടെ സ്വന്തം അധ്യാപകരെ കാണാൻ കാത്തുനിൽക്കുന്ന കുട്ടികളെ. സാധാരണ കുട്ടികളോടൊപ്പം പഠനം നടത്തുകയാണ് ഉൾച്ചേരൽ വിദ്യാഭ്യാസം ലക്ഷ്യമിടുന്നതെങ്കിലും സ്വന്തം സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന്റെ അടുത്തിരുന്ന് കുസൃതികളൊപ്പിക്കാനാണ് അവർക്കിഷ്ടം. സമഗ്ര ശിക്ഷാ കേരളം നിരവധി പ്രവർത്തനങ്ങളാണ് ഈ കുട്ടികൾക്കായി വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്നത്. ഗൃഹസന്ദർശനം അത്തരമൊരു അനുഭവമായി. സ്കൂൾ തുറന്നെങ്കിലും ഇത്തരം കുഞ്ഞുങ്ങൾക്ക് സ്കൂളിലേക്ക് വരാനുള്ള അനുവാദം ഇനിയുമെത്തിയില്ല. നിറം നൽകാനും ഉത്തരം കണ്ടെത്താനും വരച്ചു ചേർക്കാനുമുള്ള വർക്ക് ഷീറ്റുകളുമായി അധ്യാപകർ അവരെ തേടി വീടുകളിലെത്തിയിരിക്കുകയാണ്. .സമഗ്ര ശിക്ഷാ കണിയാപുരം ബി ആർ സിയിലെ ബി പി സി ഉണ്ണികൃഷ്ണൻറെ നേതൃത്വത്തിൽ ട്രെയിനേഴ്സ്, കോ- ഓർഡിനേറ്റേഴ്സ്, സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് എന്നിവർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ബിആർസി പരിധിയിലുള്ള സ്കൂളുകളിലെ കുഞ്ഞുങ്ങളുടെ അടുത്തെത്തി. കുട്ടികളും രക്ഷിതാക്കളും വളരെ സന്തോഷത്തോടും അവേശത്തോടും സ്വീകരിച്ചു. തങ്ങളെത്തേടി അധ്യാപകരെത്തിയത് അവരെ അത്ഭുതപ്പെടുത്തി. രക്ഷിതാക്കളും ആ സന്തോഷത്തിൽ പങ്കുചേർന്നു. വരും ദിവസങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ തുടരും