ഓണച്ചങ്ങാതിക്ക് ഓണസമ്മാനങ്ങളും ആശംസകളുമായി കൂട്ടുകാരെത്തി
നിലമ്പൂർ: സമഗ്ര ശിക്ഷാ കേരളം നിലമ്പൂർ ബി ആർ സി യുടെ നേതൃത്വത്തിൽ നിലമ്പൂർ ഉപജില്ലാതല ചങ്ങാതിക്കൂട്ടം "ഓണച്ചങ്ങാതി " ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പൂർണ്ണമായും കിടപ്പിലായ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്തുവരുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹ്യ ഉൾച്ചേർക്കലിനു വേണ്ടി രൂപീകരിച്ച സമപ്രായക്കാരുടെ സൗഹൃദ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് എടക്കര പഞ്ചായത്തിലെ മലച്ചി സെറ്റിൽമെൻറിൽ ഓണാഘോഷം സംഘടിപ്പിച്ചത്. ഓണ നാളുകളിൽ കിടപ്പിലായ കുട്ടികളുടെ വീടുകളിൽ ചങ്ങാതിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരും സഹപാഠികളും ജനപ്രതിനിധികളും ഒത്തുചേർന്ന് ഓണാഘോഷം സംഘടിപ്പിക്കുന്ന പരിപാടിയാണ് ഓണച്ചങ്ങാതി. പോത്തുകല്ല് പഞ്ചായത്തിലെ ഞെട്ടിക്കുളം എയുപി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന സനൂപ് എന്ന ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥിയുടെ വീട്ടിലാണ് സഹപാഠികളും അധ്യാപകരും ബി ആർ സി ജീവനക്കാരും ഒത്തുചേർന്ന് ഓണം ആഘോഷിച്ചത്. നാടൻ പൂക്കളുമായി അതിരാവിലെ സനൂപിൻ്റെ വീട്ടിലെത്തിയ കൂട്ടുകാർ സനൂപിൻ്റെ സാന്നിധ്യത്തിൽ ഓണപ്പൂക്കളം ഒരുക്കുകയും ഓണക്കോടിയും മധുര പലഹാരങ്ങളും വിതരണം ചെയ്യുകയും ഓണപ്പാട്ടുകളും ആർപ്പുവിളികളുമായി ഓണം ആഘോഷിക്കുകയും ചെയ്തു. 2019ലെ പ്രളയത്തെ തുടർന്ന് പോത്തുകല്ല് പഞ്ചായത്തിലെ ചളിക്കൽ സെറ്റിൽമെൻ്റിലെ വീട് നഷ്ടപ്പെട്ട കുടുംബത്തിലെ അംഗമാണ് സനൂപ്. നിലവിൽ എടക്കര പഞ്ചായത്തിലെ മലച്ചി പ്രദേശത്തെ വീട്ടിലാണ് താമസിക്കുന്നത്. എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ ടി ജെയിംസ് അധ്യക്ഷനായ ഓണാഘോഷ പരിപാടി പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിദ്യാരാജൻ ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രേമാനന്ദ് മുഖ്യ സന്ദേശം നൽകി .നിലമ്പൂർ ബിപിസി എം മനോജ് കുമാർ സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ അഖില എം നന്ദിയും പറഞ്ഞു. എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷക്കുട്ടി ,വാർഡ് മെമ്പർ ജബ്ബാർ ഹാജി, ഞെട്ടിക്കുളം എയുപി സ്കൂൾ പ്രധാനാധ്യാപിക ഷീജ പി ആർ , ബി.ആർസി ട്രെയിനർമാരായ എംപി ഷീജ ,രമ്യ ടി പി ,ജയൻ, സി.ആർസി കോഡിനേറ്റർമാരായ മനു കെ പി ,സൗമ്യ ജോണി എ എന്നിവർ സംസാരിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരായ ഉമ്മുഹബീബ ,ദീപ ജോസ് ,റൂബി മാത്യു അഞ്ജലി, ബ്ലസി എന്നിവർ ഓണക്കളികൾക്ക് നേതൃത്വം നൽകി.