പാർശ്വവൽകൃത മേഖലയിലെ കുട്ടികളെ ചേർത്ത് നിർത്താൻ സമഗ്ര ശിക്ഷാ കേരളയുടെ SEVAS പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി. വി. ശിവൻകുട്ടി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിൽ നിർവഹിച്ചു.
എന്താണ് സേവാസ്
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന മേഖലയിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി നടപ്പിലാക്കുന്ന പദ്ധതി. തീരദേശ മേഖല , അന്യ സംസ്ഥാന തൊഴിലാളി മേഖല ,തോട്ടം മേഖല ,ആദിവാസി- ഗോത്ര മേഖല തുടങ്ങിയ ഇടങ്ങളിലെ വിദ്യാർത്ഥികളുടെ അക്കാദമിക മുന്നേറ്റത്തിനുള്ള പിന്തുണ സംവിധാനമാണ് സേവാസ് (സെൽഫ് എമേർജിങ് വില്ലേജ് ത്രൂ അഡ്വാൻസ്ഡ് സപ്പോർട്ട്) എന്നത്. 14 ജില്ലയിലും തിരഞ്ഞെടുത്ത ഒരു ഗ്രാമപഞ്ചായത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി ആരംഭിക്കുന്നത് . ഈ മേഖലയിലെ സമഗ്ര വികസനം മുന്നിൽക്കണ്ട് സാധ്യമായ എല്ലാ ഏകോപന സാധ്യതകളും പ്രയോജനപ്പെടുത്തി ആ മേഖലയെ സേവാസിലൂടെ ദത്തെടുക്കുന്നതാണ് പദ്ധതി . പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകി അവരെ മുന്നോട്ടു നയിക്കുക ,വിദ്യാഭ്യാസം ,സാംസ്കാരിക ബോധം , തൊഴിൽ തുടങ്ങിയ മേഖലകളിൽ മികവ് നേടാൻ സഹായിക്കുക , പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഈ മേഖലയിലെ മുഴുവൻ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുക തുടങ്ങിയവയാണ് സേവാസ് -ന്റെ പ്രധാന ലക്ഷ്യങ്ങൾ. തദ്ദേശസ്വയംഭരണ വകുപ്പ് ,വനിത ശിശു വികസന വകുപ്പ്, ആരോഗ്യ-സാമൂഹ്യ നീതി വകുപ്പ് , തീരദേശ വകുപ്പ്, പോലീസ് ,എക്സൈസ്, വനം ,തൊഴിൽ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സേവാസ് പദ്ധതി നടപ്പിലാക്കുന്നത് . പട്ടികജാതി വിഭാഗങ്ങൾ കൂടുതലുള്ള പഞ്ചായത്തുകൾക്ക് മുൻഗണന നൽകിയാണ് ആദ്യഘട്ടം എന്ന നിലയിൽ സേവാസ് ആരംഭിക്കുന്നത് . അവരുടെ പഠന മുന്നേറ്റത്തിന് പിന്തുണയും താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് സാമൂഹികാവസ്ഥാ പഠനവും നടത്തും . ഇവിടങ്ങളിലെ കുട്ടികൾ പഠിക്കുന്ന പൊതുവിദ്യാലയങ്ങളിൽ അക്കാദമിക വിദഗ്ധർ പഠനം നടത്തി തയ്യാറാക്കുന്ന മാസ്റ്റർ പ്ലാൻ അനുസരിച്ചാകും പൂർണ്ണമായും സേവാസ് നടപ്പാക്കുന്നത്.