ഏകദിന ഗണിത ശില്പശാല സംഘടിപ്പിച്ചു.
കൊല്ലം (ബി.ആർ. സി. കുളക്കട ): പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ഉപജില്ലയിലെ വിദ്യാർത്ഥികൾക്കായി കുളക്കട ബി. ആർ. സി. ഗണിത ശില്പശാല സംഘടിപ്പിച്ചു. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി ഇന്ദുകുമാർ ഉദ്ഘാടനം ചെയ്ത ശില്പശാലായിൽ കുളക്കട ഉപജില്ലയിലെ ഓരോ വിദ്യാലയങ്ങളിലെ യു പി വിഭാഗത്തിൽ നിന്നുള്ള രണ്ടുവീതം കുട്ടികൾ പങ്കെടുത്തു. ഗണിതാഭിമുഖ്യം വളർത്തി അനായാസേന ഗണിത ശേഷികൾ കൈവരിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക എന്നതായിരുന്നു ഗണിത ശില്പശാലയുടെ ലക്ഷ്യം. കണക്കിലെ കളികളെ രസകരമായി കുട്ടികളിൽ എത്തിക്കാൻ ശില്പശാലയിലൂടെ സാധിച്ചു. കൂടാതെ നിത്യജീവിതത്തിലെ ഗണിതം എന്ന വിഷയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന റിപ്പോർട്ടിന്റെ അവതരണവും നടന്നു. ബി. ആർ. സി അംഗങ്ങൾക്കൊപ്പം രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കാളികളായി.