ദ്വിദിന പ്രീ പ്രൈമറി അധ്യാപക ശാക്തീകരണ പരിപാടി
തിരുവനന്തപുരം : സ്റ്റാർസ് - പ്രീസ്കൂൾ റിസോഴ്സ് മേഖലയിലെ അധ്യാപകർക്ക് വേണ്ടിയുള്ള ദ്വിദിന ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി. കെ. രാജ്മോഹൻ നിർവ്വഹിച്ചു. കുട്ടികളുടെ ബുദ്ധിവികാസത്തിന്റെ പരമപ്രധാനമായ കാലഘട്ടമാണ് ശൈശവം. അടിസ്ഥാന ശേഷികൾ ഉറയ്ക്കേണ്ട ഈ കാലഘട്ടത്തിൽ ശൈശവകാല വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂൾ വിദ്യാഭ്യാസം ഉറപ്പുവരുത്തണമെങ്കിൽ ജലാശയങ്ങൾ, ശലഭോദ്യാനങ്ങൾ, വിശ്രമ വിനോദ കേന്ദ്രങ്ങൾ, പൂന്തോട്ടം, പ്രകൃതി പഠനഹരിതയിടങ്ങൾ, പാർപ്പിടം, ഗതാഗതം, പൊതുസ്ഥാപനങ്ങൾ, ഉത്സവം, മണ്ണ്, തുടങ്ങിയ തീമുകൾ പ്രീ സ്കൂളിൻ്റെ ഭൗതിക പഠന പരിസരത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന് വേണ്ടി തയ്യാറാക്കിയ മാർഗരേഖയാണ് വർണ്ണ കൂടാരം. ഇത്തരം പ്രീ സ്കൂൾ സങ്കല്പങ്ങളെ യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടിയാണ് വർണ്ണ കൂടാരം എന്ന മാർഗരേഖയെ അടിസ്ഥാനമാക്കി ദ്വിദിന അധ്യാപക സഹവാസ പരിശീലനം പൊതു വിദ്യാഭ്യാസ വകുപ്പും തിരുവനന്തപുരം സമഗ്ര ശിക്ഷ കേരളയും സംയുക്തമായി നടപ്പിലാക്കുന്നത്.ബാലരാമപുരം, നെയ്യാറ്റിൻകര, പാറശ്ശാല, കാട്ടാക്കട എന്നീ സബ് ജില്ലകളിൽ നിന്നായി പ്രീ സ്കൂൾ അധ്യാപകർ , എസ്. ആർ. ജി. കൺവീനർ, ബി. ആർ. സി. കളെ പ്രതിനിധീകരിച്ച് ട്രെയിനർ സി. ആർ.സി.സി., എന്നിവരാണ് ദ്വിദിന ക്യാമ്പിൽ പങ്കെടുക്കുന്നത്.തിരുവനന്തപുരം സമഗ്ര ശിക്ഷ കേരള പ്രോഗ്രാം ഓഫീസർ റെനി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബാലരാമപുരം ബി.പി.സി. എസ്.ജി. അനീഷ് സ്വാഗതവും പാറശാല ബി ആർ സി യിലെ ട്രെയിനർ ബൈജു നന്ദിയും പ്രകാശിപ്പിച്ചു.