തളിപ്പറമ്പയിൽ നിന്നൊരു സാമൂഹ്യ യാത്ര..
കണ്ണൂർ ( തളിപ്പറമ്പ സൗത്ത് ബി ആർ സി ) : പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി തളിപ്പറമ്പ് സൗത്ത് ബി.ആർ.സി സാമൂഹ്യ സമ്പർക്ക യാത്ര നടത്തി. സാമൂഹിക ജീവിത നൈപുണികൾ സ്വായത്തമാക്കുന്നതിനും സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ തിരിച്ചറിയുന്നതിനും പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകൾ മനസ്സിലാക്കുന്നതിനും കുട്ടികളിലെ ഇന്റർപേഴ്സണൽ സ്കിൽ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സമഗ്ര ശിക്ഷാ കേരളം തളിപ്പറമ്പ സൗത്ത് ബി ആർ സിയുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് സാമൂഹ്യ സമ്പർക്ക യാത്ര നടത്തിയത്. പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ നടത്തിയ യാത്രയിൽ കുട്ടികളുടേയും പ്രദേശവാസികളുടേയും സർഗാത്മക കഴിവുകൾ അവതരിപ്പിച്ചു. പൊതുസ്ഥാപനങ്ങൾ സന്ദർശിച്ചു. പൊതുഗതാഗതത്തിന്റെ ഭാഗമായി സർവീസ് നടത്തുന്ന ബസ്, ബോട്ട് എന്നിവയിൽ സ്വയം ടിക്കറ്റെടുത്ത് സഞ്ചരിക്കാനും അവസരമൊരുങ്ങി. പ്രദേശവാസികളോട് മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലിയിലൂടെ വിവര ശേഖരണം നടത്താനായി. ഭക്ഷണം പങ്കുവെച്ചും കാഴ്ചകളിലൂടെ ഊഴ്ന്നിറങ്ങിയും ഒരു പകൽ മുഴുവൻ വൈവിധ്യമാർന്ന അനുഭവങ്ങളാണ് യാത്രാ സംഘത്തിന് ലഭിച്ചത്. ദ്വീപു നിവാസികളുടെ പൂർണ്ണ പിന്തുണ ഓരോ ഘട്ടത്തിലുമുണ്ടായി. അഞ്ച് വിദ്യാലയങ്ങളിലെ സെക്കന്ററി വിഭാഗത്തിലെ പ്രത്യേക പരിഗണന അർഹിക്കുന്ന 38 കുട്ടികൾ, പൊതുവിഭാഗം കുട്ടികൾ, രക്ഷിതാക്കൾ, BRC പ്രവർത്തകർ , ക്ലബ്ബ് പ്രവർത്തകർ , അധ്യാപകർ , PTA ഭാരവാഹികൾ ഉൾപ്പെടെ നൂറിലധികം പേർ യാത്രയുടെ ഭാഗമായി. പറശ്ശിനിക്കടവ് ബോട്ട് ജെട്ടിയിൽ സമഗ്ര ശിക്ഷ കണ്ണൂർ ഡി പി സി EC വിനോദ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കൊളച്ചേരി പഞ്ചായത്ത് മെമ്പർ അബ്ദുൽ സലാം, BPC ഗോവിന്ദൻ എടാടത്തിൽ, ഹെഡ് മാസ്റ്റർ സി.രഘുനാഥ്, ദുർദുൽ ക്ലബ്ബ് പ്രസിഡന്റ് അബ്ദുൽ നാസർ, സ്കൂൾ മാനേജറും സാമൂഹ്യ പ്രവർത്തകനുമായ മുഹമ്മദ് മൻസൂർ, എം. മമ്മു,ഇബ്രാഹിം മാസ്റ്റർ എന്നിവർ സമാപന യോഗത്തിൽ സംസാരിച്ചു. മയ്യിൽ നിന്നും ബസ് യാത്ര, പാമ്പുരുത്തി ദ്വീപിയ്ക്ക് ബോട്ട് യാത്ര, പാമ്പുരത്തി യു.പി.സ്കൂൾ കൂർമ്പ കാവ്, പുഴയോരം, ചില വീടുകൾ, ക്ലബ്ബ് ഓഫീസ്, ഹെൽത്ത് സെന്റർ എന്നിവ സന്ദർശനത്തിൽ ഉൾപ്പെട്ടു. സ്കൂൾ ഭാരവാഹികൾ, ദുൽ ദുൽ ക്ലബ്ബ് അംഗങ്ങൾ എന്നിവർ വലിയ പിന്തുണയാണ് നൽകിയത്. ദ്വീപിലേക്ക് പ്രവേശിക്കുന്ന സമയത്ത് പ്രദേശവാസികളായ വിദ്യാർത്ഥികൾ യാത്രാംഗങ്ങളോരുത്തർക്കും പൂവു നൽകി സ്വീകരിച്ചത് ഹൃദ്യാ ഹൃദ്യാനുഭവമായി.