ശബരിയുടെ പിറന്നാൾ ദിനം
തിരുവനന്തപുരം( നോർത്ത് യു. ആർ.സി ) - സെപ്റ്റംബർ 30, ശബരിയുടെ പിറന്നാൾ. ആദ്യമായി സ്കൂളിലേക്ക് വന്ന ശബരി, അധ്യാപകരോടും കൂട്ടുകാരോടുമൊത്ത് പിറന്നാൾ ദിനം ആഘോഷിച്ചു.തിരുവനന്തപുരം പേട്ട ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ ശബരിക്ക് സ്കൂളിൽ വരാനോ ചങ്ങാതിമാരോടൊത്തുകൂടാനോ സാധിക്കാതെ വീട്ടിൽ തന്നെയാണ്. ആഴ്ചയിലൊരിക്കൽ നോർത്ത് യു. ആർ.സി.യിൽ നിന്നും ചെല്ലുന്ന ധന്യ ടീച്ചറാണ് പുറംലോകവുമായി അവനെ ബന്ധിപ്പിക്കുന്ന ഏകകണ്ണി.
ഓണത്തിന് സമ്മാനങ്ങളുമായി ചെന്ന, അധ്യാപകരും കൂട്ടുകാരും വിദ്യാഭ്യാസ വകുപ്പിലെയും സമഗ്ര ശിക്ഷ കേരളത്തിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന ചങ്ങാതിക്കൂട്ടത്തിനോട് സ്കൂളിൽ വരണമെന്ന് ആഗ്രഹം അവൻ പ്രകടിപ്പിച്ചിരുന്നു.
നോർത്ത് യു.ആർ.സി.യുടെ നേതൃത്വത്തിൽ അവനെ സ്കൂളിലേക്ക് കൊണ്ടുവരികയും കൂട്ടുകാരും അധ്യാപകരും ചേർന്നു പാട്ടും ഡാൻസും മധുരവിതരണവുമായി പിറന്നാൾ ദിനം സമുചിതമായി ആഘോഷിക്കുകയും ചെയ്തു.ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചതിന് ശബരിയുടെ മാതാപിതാക്കൾ അധ്യാപകർക്കും കൂട്ടുകാർക്കും നന്ദി പറഞ്ഞു.ശബരിയുടെ തിളങ്ങുന്ന ഒരു ഓർമ്മയായി ഈ പിറന്നാൾ ദിനം അവശേഷിക്കും.സമഗ്ര ശിക്ഷ പ്രോഗ്രാം ഓഫീസർ ബി ശ്രീകുമാരൻ, എ.ഇ.ഒ. ജിനബാല,നോർത്ത് ബി.പി.സി. ആർ.അനൂപ്, ഐ.ഡി.സി. ഇൻ്റർവൻഷൻ ചാർജുള്ള ട്രെയിനർ ഇ. ഇസ്മായിൽ, സി.ആർ.സി.സി മാർ, സ്പെഷ്യൽ എഡ്യുക്കേറ്റർസ്,സ്കൂൾ പ്രിൻസിപ്പൽ അധ്യാപകർ എന്നിവർ പങ്കെടുത്തു.