ഭിന്നശേഷിക്കാരനായ കൈലാസ് നാഥിന്റെ വീട്ടിലേക്ക് ഓണസമ്മാനങ്ങളുമായി 'ഓണച്ചങ്ങാതിമാർ' എത്തി.
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം ഓണചങ്ങാതിമാർ ഭിന്നശേഷി കുട്ടികളുടെ വീടുകളിൽ ഓണം ആഘോഷിച്ച് തുടങ്ങി. തിരുവനന്തപുരം നേമം ശാന്തിവിള യു പി എസിലെ മൂന്നാംക്ലാസുകാരൻ കൈലാസ് നാഥിന്റെ വീട്ടിൽ ഓണച്ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ഉദ്ഘാടനം വീൽചെയർ സമ്മാനിച്ചു കൊണ്ട് സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. എ.ആർ സുപ്രിയ നിർവഹിച്ചു. മസ്ക്കുലർ ഡിസ്ട്രോഫി രോഗ ബാധിതനായി വീട്ടിൽ പഠനം തുടരുന്ന കൈലാസ് നാഥിന് ഓണക്കാലത്ത് തന്റെ കൂട്ടുകാരുടെ സാന്നിധ്യം ഏറെ സന്തോഷം നൽകി. ജനപ്രതിനിധികളും , ടീച്ചർമാരും , ഓണചങ്ങാതിമാരും , അയൽക്കാരും ഒക്കെ കൂടി ചേർന്ന് കൈലാസ് നാഥിന്റെ ഇക്കൊല്ലത്തെ ഓണാഘോഷം ഗംഭീരമാക്കി. ശാന്തിവിളയിലെ തന്റെ വീട്ടിൽ എത്തിയ മുഴുവൻ അതിഥികളേയും കൈലാസ് നാഥും കുടുംബാംഗങ്ങളും ചേർന്ന് ഹൃദ്യമായി സ്വീകരിച്ചു. ഓണച്ചങ്ങാതിമാർ നൃത്തവും പാട്ടും സമ്മാനങ്ങളുമായി അടിച്ചു പൊളിച്ചു. പൂർണ്ണമായും കിടപ്പിലായതോ, സ്കൂളിൽ നേരിട്ട് എത്തി വിദ്യാഭ്യാസം നേടാൻ കഴിയാത്തതോ ആയ ഭിന്നശേഷി കുട്ടികളുടെ വീടുകളിലേക്കാണ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഓണചങ്ങാതിമാർ എത്തുന്നത് . ജില്ലാതലത്തിലും ബി ആർ സിതലത്തിലും ഓണാഘോഷങ്ങളുടെ ഭാഗമായി ഓണചങ്ങാതിമാർ വിവിധ ഗ്രൂപ്പുകളായി ഭിന്നശേഷികുട്ടികളുടെ വീടുകളിൽ എത്തിച്ചേരുകയാണ്. കൈലാസ് നാഥിന്റെ വീട്ടിൽ നടന്ന ഓണാഘോഷത്തിൽ കൗൺസിലർ എം.ആർ. ഗോപൻ, കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണ, സംസ്ഥാന പ്രോഗ്രാം ഓഫീസർ ഷൂജ എസ്.വൈ, ഡി ഡി ഇ വാസു സി.കെ, ഡി പി സി ജവാദ്, പ്രോഗ്രാം ഓഫീസർ ശ്രീകുമാരൻ ബി, മീഡിയ ഓഫീസർ അഭിലാഷ് തട്ടത്തുമല തുടങ്ങി സമഗ്ര ശിക്ഷാ കേരളയിലേയും പൊതുവിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥരും ശാന്തിവിള യു പി എസ് ലെ ഹെഡ്മിസ്ട്രസും , അധ്യാപകരും,പിടിഎ അംഗങ്ങളും ഓണമാഘോഷത്തിൽ സന്നിഹിതരായിരുന്നു.