ഷെൽട്ടർ ഹോസ്റ്റലിൽ ഓണക്കോടി വിതരണവും ഓണാഘോഷവും നടന്നു.
നിലമ്പൂർ: സമഗ്ര ശിക്ഷാ കേരളം നിലമ്പൂർ ഷെൽട്ടർ റസിഡൻഷ്യൽ ഹോസ്റ്റലിൽ 'ഒന്നായി ഓണം... ഒന്നിച്ചോണം ' എന്ന സന്ദേശവുമായി ഓണക്കോടി വിതരണവും ഓണാഘോഷവും നടന്നു .സമഗ്ര ശിക്ഷാ കേരളം മലപ്പുറം ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ ടി. രത്നാകരൻ ഓണക്കോടി വിതരണം ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ഉപജില്ലയിലെ വിദൂര വനപ്രദേശങ്ങളിൽ താമസിക്കുന്ന ഗോത്ര വിഭാഗം കുടുംബങ്ങളിലെ ആൺകുട്ടികൾക്ക് വേണ്ടി സമഗ്ര ശിക്ഷാ കേരളം നടത്തുന്ന ഹോസ്റ്റലിൽ നിലവിൽ 39 കുട്ടികളാണ് ഉള്ളത്. കുട്ടികളുമായി ടെക്സ്റ്റൈൻസിൽ പോയി ഓരോ കുട്ടിയും ഇഷ്ട്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുക്കുകയായിരുന്നു. ആഘോഷത്തോടനുബന്ധിച്ച് ഓണസദ്യയും നടത്തി. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ പി മനോജ് കുമാർ ഓണപ്പാട്ടുകൾ പാടി സ്നേഹാശംസകൾ നേർന്നു. ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ എം.മനോജ് കുമാർ അധ്യക്ഷനായ ചടങ്ങിൽ ബി ആർ സി കോ-ഓർഡിനേറ്റർ ഡിൽമ സൂസൻ അലക്സ് സ്വാഗതവും ബിആർസി ട്രെയ്നർ ജയൻ എ നന്ദിയും പറഞ്ഞു. ഹോസ്റ്റലിലെ 39 കുട്ടികളും ഓണക്കോടിയുമായാണ് ഓണമാഘോഷിക്കാൻ ഊരുകളിലേക്ക് പോയത്.