നിലമ്പൂർ നഗരസഭാതല ജനകീയ രചനോത്സവം സംഘടിപ്പിച്ചു.
നിലമ്പൂർ: സമഗ്ര ശിക്ഷാ കേരളം നിലമ്പൂർ ബി ആർ സിയുടെ നേതൃത്വത്തിൽ നിലമ്പൂർ നഗരസഭാ തലത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും ജനകീയ രചനോത്സവം സംഘടിപ്പിച്ചു. കുട്ടികളുടെ ഭാഷാ നൈപുണികളായ എഴുത്തും വായനയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷം ലോവർ പ്രൈമറി ക്ലാസുകളിൽ നടപ്പിലാക്കിയ വായന ചങ്ങാത്തം പരിപാടിയുടെ ഭാഗമായാണ് രചനോത്സവം സംഘടിപ്പിച്ചത്. നിലമ്പൂർ നഗരസഭാതല ഭാഷോത്സവം നിലമ്പൂർ ബിആർസിയിൽ വച്ച് നിലമ്പൂർ നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സ്കറിയ കിനാതോപ്പിൽ ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബിപിസി എം മനോജ് കുമാർ അധ്യക്ഷനായ ചടങ്ങിൽ ബി ആർ സി ട്രെയിനർമാരായ ജയൻ എ സ്വാഗതവും ഷീജ എംപി നന്ദിയും പറഞ്ഞു. സാഹിത്യകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ ഗിരീഷ് മാരേങ്ങലത്ത് സംവാദങ്ങൾക്ക് മോഡറേറ്ററായി. സി ആർ സി കോഡിനേറ്റർമാരായ സെറീന ജാഫർ ,ദിൽമാ സൂസൻ അലക്സ്, മനു പൗലോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സംസ്ഥാനത്തൊട്ടാകെ ക്ലസ്റ്റർ റിസോഴ്സ് സെൻറർ , ബി.ആർ.സി, ജില്ലാ തലങ്ങളിലായിട്ടാണ് ഭാഷോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. നിലമ്പൂർ നഗരസഭാ പ്രദേശത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും രക്ഷിതാക്കളുമാണ് രചനോത്സവത്തിൽ പങ്കെടുത്തത്. രചനോത്സത്തിൽ പങ്കെടുത്ത കുട്ടികൾക്കും രക്ഷിതാക്കൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.