തിരുവനന്തപുരം- പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളം വഴി നടപ്പിലാക്കുന്ന ഉല്ലാസഗണിതം ,ഗണിതവിജയം പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. നേമം ഗവൺമെൻറ് യുപി സ്കൂളിൽ നടന്ന ഗണിതവിജയം ഉല്ലാസഗണിതം പരിപാടിയിൽ ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി. കുട്ടികളോടൊപ്പം ഗണിതാശയ കളികളിൽ ഏർപ്പെട്ടു കൊണ്ടാണ് മന്ത്രി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഗണിതപഠനം ചില കുട്ടികൾക്ക് പ്രയാസം ഉണ്ടാകുന്നതിനുള്ള കാരണം ഗണിതത്തിന്റേതല്ല മറിച്ച് ഗണിത പഠന രീതിയുടെതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന പശ്ചാത്തലത്തിൽ ഗണിതപഠന രീതിയിൽ കാതലായ മാറ്റങ്ങൾ വരുത്തി ഒന്ന്-രണ്ട് ക്ലാസുകളിലെ കുട്ടികളിൽ ഗണിതത്തിൽ അടിസ്ഥാന ശേഷി സ്വായക്തമാക്കുന്ന പ്രവർത്തന പദ്ധതിയാണ് ഉല്ലാസഗണിതം. അതുപോലെ 3 ,4 ക്ളാസ്സുകളിലെ കുട്ടികളിൽ നടപ്പിലാക്കുന്ന പ്രവർത്തനമാണ്ഗണിതവിജയവും. ഗണിതം ആസ്വദിച്ച് പഠിക്കാവുന്ന ഒരു വിഷയമാണെന്ന് കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും അതുവഴി പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുവാൻ ഈ പരിപാടിയിലൂടെ കഴിയും എന്നുള്ളതാണ് ഇതിൻറെ പ്രത്യേകത.