വരുന്നു.. പൊതുവിദ്യാലയങ്ങളില്‍ ശലഭോദ്യാനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെടുന്ന പൊതുവിദ്യാലയങ്ങളില്‍ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ശലഭോദ്യാനങ്ങള്‍ നിര്‍മിക്കുന്നു. പ്രകൃതിയെ കാണാനും നിരീക്ഷിക്കാനും അറിവ് നേടാനും കൊതിക്കുന്ന കുട്ടിക്കാലത്തെ പൊതുവിദ്യാലയങ്ങളില്‍ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം. പ്രകൃതി സ്നേഹവും പാരിസ്ഥിതിക അവബോധവും വളര്‍ത്തുക, നിരീക്ഷണം, നിഗമനം, സൂക്ഷ്മതല വിശകലനം എന്നിങ്ങനെയുള്ള ശേഷികള്‍ കുട്ടികളില്‍ പരിപോഷിപ്പിക്കുന്നതിന് ശലഭോദ്യാനങ്ങള്‍ സഹായകമാകും. പഠന താല്പര്യം വര്‍ദ്ധിപ്പിക്കുന്നതിനും പഠനനേട്ടങ്ങള്‍ നേരിട്ട് സ്വായക്തമാക്കുന്നതിനും സഹജീവി സ്നേഹം, വിശ്വാസം, പാരസ്പര്യം, സഹജീവി ഭാവം തുടങ്ങിയ മാനുഷിക മൂല്യങ്ങളെ വളര്‍ത്തുന്നതിനും ലക്ഷ്യമിടുന്ന പദ്ധതി പൊതുവിദ്യാലയങ്ങളുടെ പരിസര സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളില്‍ ശലഭോദ്യാനങ്ങള്‍ ആരംഭിക്കുന്നതിന് വിദഗ്ധമായ പരിശീലനങ്ങള്‍ക്കും സമഗ്രശിക്ഷാ കേരളം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ വിദ്യാലയ പരിസരം പൂമ്പാറ്റകള്‍ അധിവസിക്കുന്ന ഉദ്യാനങ്ങളാക്കി മാറ്റുന്നതിനും നാടന്‍ ശലഭങ്ങളുടെ പ്രജനനം വര്‍ദ്ധിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ആദ്യഘട്ടത്തില്‍ അധ്യാപകര്‍ക്കുള്ള പരിശീലനത്തിനും മാര്ഗരേഖയിലടിസ്ഥാനപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായിരിക്കും പ്രഥമ പരിഗണന. പൊതുവിദ്യാലയങ്ങള്‍ തുറന്നതിനുശേഷം കുട്ടികളുടെ സാന്നിദ്ധ്യം ഉറപ്പാക്കിയാകും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളവും തൃശൂര്‍ പീച്ചി കെ.എഫ്.ആര്.ഐ.യുടെ സഹകരണത്തോടെയുമാണ് ശലഭോദ്യാന പദ്ധതി നടപ്പിലാക്കുന്നത് എന്ന് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന് പറഞ്ഞു.