ടെന്‍ഷന്‍ ഇല്ലാതെ സ്കൂളിലെത്താന്‍ അതിജീവനം
കോവിഡ് കാലത്ത് ആശങ്കയില്ലാതെ സ്കൂളിലെത്തിക്കാന്‍ അതിജീവനം പദ്ധതി. സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ) യൂണിസെഫിന്റെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കിയത്. രക്ഷിതാക്കള്‍ക്കും കൗണ്സിലിങ്ങുണ്ടാകും. വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുത്തുള്ള ഗവേണിംഗ് കൗണ്‍സില്‍ പദ്ധതിയുടെ മൊഡ്യൂളിന് അംഗീകാരം നല്കി. കുട്ടികളുടെ ഉല്‍കണ്ഠയും ഭയവും മാറ്റിയെടുക്കാനുള്ള പരിശീലനമാണ് പ്രധാനം. രക്ഷിതാക്കള്‍ പുലര്‍ത്തേണ്ട ജാഗ്രത, ശുചിത്വ പരിപാലനം, കുട്ടികള്‍ക്ക് നല്‍കേണ്ട മാനസിക പിന്തുണ എന്നിവയും പരിശീലിപ്പിക്കും.ഇടവേളയ്ക്കുശേഷം സ്കൂള്‍ തുറക്കുമ്പോള്‍ ക്ലാസിലെത്താന്‍ മടിയുള്ളവരെ കണ്ടെത്താന്‍ എസ്.എസ്.കെ സര്‍വ്വെ ആരംഭിച്ചു. സര്‍വ്വേയ്ക്ക് യൂണിസെഫിന്റെ സഹായവുമുണ്ട്. കണ്ടെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണവും മറ്റു അടിസ്ഥാന സൗകര്യവും ലഭ്യമാക്കി സ്കൂളിലെത്തിക്കും. ഒപ്പം ഒന്നര വര്‍ഷത്തെ ഓണ്‍ലൈന്‍ പഠനത്തിന്റെ മികവ് വിലയിരുത്താന്‍ സ്കൂളിലെത്തുന്ന ആദ്യദിവസങ്ങളില്‍ കുട്ടികള്‍ക്ക് വര്ക്ക്ഷീറ്റ് നല്‍കും. എസ്.എസ്.കെ.യിലെ നാലായിരത്തോളം ബി.ആര്.സി. ട്രെയിനര്‍മാര്‍, സ്പെഷ്യലിസ്റ്റ് അധ്യാപകര്‍, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള അധ്യാപകര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് എസ്.എസ്.കെ. ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന് പറഞ്ഞു.
കടപ്പാട് - ദേശാഭിമാനി