സുരീലി ഹിന്ദി - ' വൈവിധ്യമാർന്ന ഭാഷ സ്വതന്ത്രമായി പ്രയോഗിക്കുന്നതിലൂടെ മനുഷ്യൻ സാമൂഹ്യ ജീവിയായി മാറുകയാണെന്ന് ' കൊച്ചി നഗരസഭാ മേയർ അഡ്വ. എം. അനിൽകുമാർ.
എറണാകുളം(കൊച്ചി) - സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന പഠന പരിപോഷണ പരിപാടിയായ സുരീലി ഹിന്ദിയുടെ എറണാകുളം ജില്ലാതല അധ്യാപക പരിശീലനത്തിന്റെ ഉദ്ഘാടനം കൊച്ചി നഗരസഭാ മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിച്ചു. ഹിന്ദി ഭാഷയുടെ പ്രാധാന്യവും മഹത്വവും ഉൾക്കൊള്ളുന്നതും, ഭാഷ അടിച്ചേൽപ്പിക്കുകയല്ല, മനസ് തുറന്നു നല്ല ദിശാബോധത്തോടെ മധുരമായ രീതിയിൽ കുട്ടികളിലേക്ക് എത്തിക്കാൻ സുരീലി ഹിന്ദി പരിപാടിയിലൂടെ സാധിക്കട്ടെ എന്ന് മേയർ ആശംസിച്ചു.
2021 നവംബർ മാസം 22,23 തീയതികളിൽ എറണാകുളം അധ്യാപക ഭവനിൽ വച്ച് നടന്ന ഉദ്ഘാടന യോഗത്തിൽ സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്റ്റ് കോ -ഓർഡിനേറ്റർ ഉഷ മാനാട്ട് സ്വാഗതം ആശംസിച്ചു. ഭാഷയുടെ വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് പകർന്നു നൽകാനും ഭാഷയെ സമ്പുഷ്ടമാക്കാനും വേണ്ട അന്തരീക്ഷം ക്ലാസ്സ് മുറികളിലും വീടുകളിലും ഉണ്ടാകണമെന്നും എങ്കിൽ മറ്റു ഭാഷകളെ പോലെ ഹിന്ദി ഭാഷയെയും കുട്ടികൾ നെഞ്ചിലേറ്റി സ്വീകരിക്കുക തന്നെ ചെയ്യുമെന്നും അവർ അഭിപ്രായപ്പെട്ടു. ഹയർ സെക്കന്ററി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ. ശകുന്തള അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളിൽ ഹിന്ദി ഭാഷയോട് താല്പര്യം വർദ്ധിപ്പിക്കുന്നതിനും , ആകർഷണീയവും രസകരവുമായ രീതിയിൽ ഹിന്ദി പഠിക്കുന്നതിനുമായി 2017-18 കാലഘട്ടം മുതൽ 5 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി നടപ്പിലാക്കി വരുന്ന പ്രവർത്തനമാണ് സുരീലി ഹിന്ദി. ഈ വർഷം 5 മുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള പ്രവർത്തനങ്ങളാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഭാഷയുടെ ഏതെങ്കിലും തലത്തിൽ പിന്നാക്കാം നിൽക്കുന്ന കുട്ടികളെ മുന്നോട്ട് കൊണ്ട് വരാനുള്ള പ്രവർത്തനങ്ങളാണ് സമഗ്ര ശിക്ഷാ കേരളം ഇത്തരം പഠന പരിപോഷണ പരിപാടികളിൽ ഉൾപെടുത്തിയിട്ടുള്ളത്. പ്രോഗ്രാം ഓഫീസർമാരായ ജോസ് പെറ്റ് ജേക്കബ്, മഞ്ജു, ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ നിഷാദ് ബാബു എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫിസർ സോളി വർഗീസ് നന്ദി രേഖപ്പെടുത്തി.