നിലമ്പൂരിന്റെ മനം കവർന്ന് കേരളീയം 2023 സമാപിച്ചു.
മലപ്പുറം : നിലമ്പൂർ നഗരസഭയുടെയും സമഗ്ര ശിക്ഷാ കേരളം നിലമ്പൂർ ബി.ആർസിയുടെയും ആഭിമുഖ്യത്തിൽ നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കേരളീയം 2023 ഓണാഘോഷം നിലമ്പൂരിന്റെ ഉത്സവമായി. നിലമ്പൂർ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 320 ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും ജനപ്രതിനിധികളും സമഗ്ര ശിക്ഷാ കേരളം ജീവനക്കാരും ഉൾപ്പെടെ ആയിരത്തി ഇരുന്നൂറിൽപരം ആളുകൾ പങ്കെടുത്ത ഓണാഘോഷം നാടിൻറെ സന്തോഷം പങ്കുവെക്കലിന്റെ വേദിയായി. ഓണപ്പൂക്കളം, ഓണക്കളികൾ, ഓണസദ്യ ,സാംസ്കാരിക സദസ്സ് ,നാടൻപാട്ട് ഉൾപ്പെടെയുള്ള പരിപാടികളിൽ കുട്ടികളും രക്ഷിതാക്കളും കുടുംബത്തിലെ മുതിർന്ന അംഗങ്ങളും ,നിലമ്പൂർ നഗരസഭയിലെ കൗൺസിലർമാർ, നിലമ്പൂർ ഉപജില്ലാ പ്രദേശത്ത് പഞ്ചായത്ത് പ്രസിഡൻറ്മാർ, സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ക്ലസ്റ്റർ റിസോഴ്സ് സെൻറർ തലത്തിൽ നടന്ന പൂക്കള മത്സരത്തിൽ 10 സി ആർ സി കളും തുല്യ പോയിൻറ് നേടി ഒന്നാം സ്ഥാനത്ത് എത്തി. കസേര കളി, ബിസ്ക്കറ്റ് കടി ,കുപ്പിയിൽ വെള്ളം നിറയ്ക്കൽ ,മെഴുകുതിരി കത്തിച്ചോട്ടം, മുത്തു പൊറുക്കൽ, സൂചിയിൽ നൂല് കോർക്കൽ ,ബോൾ പാസിംഗ്, നാരങ്ങ സ്പൂൺ, വടംവലി ഉൾപ്പെടെ ആവേശകരമായ മത്സരങ്ങളാണ് നടന്നത് . പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും മൊമെന്റോ നൽകി ആദരിച്ചു. ബർലിൻ സ്പെഷ്യൽ ഒളിമ്പിക്സിൽ ജേതാക്കളായ ഇന്ത്യൻ ഫുട്ബോൾ ടീമിലെ അംഗങ്ങളായ മുഹമ്മദ് സിനാൻ, മുഹമ്മദ് ഹർഷാദ്, മുഹമ്മദ് നിസാർ എന്നീ കുട്ടികളെ മൊമെന്റോ നൽകി ആദരിച്ചു. 2022- 23 വർഷം നിലമ്പൂർ ഷെൽട്ടർ ഹോസ്റ്റലിൽ നിന്നും എസ്എസ്എൽസി വിജയിച്ച കുട്ടികളെ ചടങ്ങിൽ വച്ച് ആദരിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നിലമ്പൂർ നഗരസഭയും നിലമ്പൂർ ബിആർസിയും ചേർന്ന് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. രാജ്യസഭാ എംപി പി വി അബ്ദുൽ വഹാബ് കേരളീയം 2023 ഉദ്ഘാടനം ചെയ്തു. നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷനായി. നിലമ്പൂർ ബിപിസി എം മനോജ് കുമാർ സ്വാഗതവും ബി ആർ സി ട്രെയിനർ ഷീജ എംപി നന്ദിയും പറഞ്ഞു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പുഷ്പവല്ലി ടീച്ചർ പ്രതിഭകളെ ആദരിച്ചു. തണൽ നാടൻപാട്ട് സംഘം അവതരിപ്പിച്ച നാടൻ പാട്ടിനൊത്ത് വിദ്യാർഥികളും രക്ഷിതാക്കളും നൃത്തം ചെയ്തു. സമഗ്ര ശിക്ഷ കേരളം മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് കെ മുഖ്യ സന്ദേശം നൽകി.നിലമ്പൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ ടി ജെയിംസ് ,നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കക്കാടൻ റഹീം, സ്കറിയ കിനാതോപ്പിൽ, യുകെ ബിന്ദു ,പി എം ബഷീർ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ എം ഡി മഹേഷ് , നിലമ്പൂർ എ ഇ ഒ പ്രേമാനന്ദ് കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നഗരസഭ കൗൺസിലർമാരായ ഗോപാലകൃഷ്ണൻ, റെനീഷ് കുപ്പായി ,സ്വപ്ന ടീച്ചർ ,ജംഷീദ് ,ബിന്ദു മോഹൻ ,നാജിയ ഷാനവാസ് , അടുക്കത്ത് സുബൈദ, ഇസ്മയിൽ എരഞ്ഞിക്കൽ, അഷ്റഫ് മങ്ങാട്ട്, ഷേർളി വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. .