വീടിനെ വിദ്യാലയമാക്കി ചങ്ങാതിക്കൂട്ടം
കോഴിക്കോട്( ബി. ആർ. സി മാവൂർ): അയ്യപ്പൻ എഴുത്തച്ഛൻ ഏ. യു. പി ബി .സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന റിഷവിന്റെ വീട്ടിൽ അധ്യാപകരും ചങ്ങാതിക്കൂട്ടവും ഒത്തു ചേർന്നു. പാട്ടും ആട്ടവും കളികളുമായി അവർ സന്തോഷം പങ്കിട്ടു. ചലന പരിമിതിമൂലം സ്ഥിരമായി വിദ്യാലയത്തിൽ വരുന്നതിന് റിഷവിന് പ്രയാസം നേരിടുന്നുണ്ട്. പ്രധാനാധ്യാപകൻ മോഹൻദാസ് മാസ്റ്റർ, ക്ലാസ്ടീച്ചർ ശ്രീപ്രഭ, സ്പെഷ്യൽ എഡ്യുക്കേറ്റർ ശ്രീലത, ഐ.ഇ.ഡി. കൺവീനർ ലത ടീച്ചർ, ദ്യുതിൻ മാസ്റ്റർ എന്നിവർ ചങ്ങാതിക്കൂട്ടത്തിന് നേതൃത്വം നൽകി. സ്കൂൾ ലീഡറോടൊപ്പം മറ്റ് 13 കുട്ടുകാരും ടീമിലുണ്ടായിരുന്നു. വൈവിധ്യമാർന്ന പഠനാനുഭവങ്ങളും കളികളും വൃക്ഷതൈ നടീലും കലാവിരുന്നും കൂട്ടുകാർ റിഷവിനായി നൽകി. മധുര പലഹാരങ്ങളും സമ്മാനപ്പൊതികളും അവന് ഏറെ സന്തോഷം പകർന്നു. കൂട്ടുകാരോടൊപ്പം എല്ലാ വിനോദങ്ങളിലും റിഷവ് പങ്കാളിയായി. പന്തുകൈമാറൽ കളിയിൽ വിജയിയായി ട്രോഫി ഏറ്റുവാങ്ങിയ റിഷവിന്റെ മുഖത്തെ ആ പുഞ്ചിരി മനസ്സുനിറച്ചു.